പഴയ നിയമംMOV

യെശയ്യാവ് 34

1ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍; വംശങ്ങളേ, ശ്രദ്ധതരുവിന്‍; ഭൂമിയും അതിന്‍റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേള്‍ക്കട്ടെ.

2യഹോവയ്ക്കു സകല ജാതികളോടും കോപവും അവരുടെ സര്‍വസൈന്യത്തോടും ക്രോധവും ഉണ്ട്; അവന്‍ അവരെ ശപഥാര്‍പ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.

3അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകള്‍ ഒഴുകിപ്പോകും.

4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്‍റെ കായ് വാടി പ്പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.

5എന്‍റെ വാള്‍ സ്വര്‍ഗത്തിൽ ലഹരിച്ചിരിക്കുന്നു; അത് എദോമിന്മേലും എന്‍റെ ശപഥാര്‍പ്പിത ജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.

6യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.

7അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.

8അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.

9അവിടത്തെ തോടുകള്‍ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.

10രാവും പകലും അതു കെടുകയില്ല; അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽക്കൂടി കടന്നുപോകയുമില്ല.

11വേഴാമ്പലും മുള്ളന്‍പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാര്‍ക്കും; അവന്‍ അതിന്മേൽ പാഴിന്‍റെ നൂലും ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.

12അതിലെ കുലീനന്മാര്‍ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര്‍ എല്ലാവരും നാസ്തിയായിപ്പോകും.

13അതിന്‍റെ അരമനകളിൽ മുള്ളും അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അതു കുറുക്കന്മാര്‍ക്കു പാര്‍പ്പിടവും ഒട്ടകപ്പക്ഷികള്‍ക്കു താവളവും ആകും.

14മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിര്‍പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.

15അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്‍റെ നിഴലിന്‍കീഴെ ചേര്‍ത്തുകൊള്ളും; അവിടെ പരുന്ത് അതതിന്‍റെ ഇണയോടു കൂടും.

16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കയുമില്ല; അവന്‍റെ വായല്ലോ കല്പിച്ചത്; അവന്‍റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.

17അവന്‍ അവയ്ക്കായി ചീട്ടിട്ടു, അവന്‍റെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാര്‍ക്കും.