പഴയ നിയമംMOV

യെശയ്യാവ് 2

1ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച വചനം.

2അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പര്‍വതം പര്‍വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകള്‍ക്കുമീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും.

3അനേകവംശങ്ങളും ചെന്ന്: വരുവിന്‍, നമുക്ക് യഹോവയുടെ പര്‍വതത്തിലേക്ക്, യാക്കോബിന്‍ദൈവത്തിന്‍റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്‍റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.

4അവന്‍ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീര്‍ക്കും; ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.

5യാക്കോബുഗൃഹമേ, വരുവിന്‍; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.

6എന്നാൽ നീ യാക്കോബുഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവര്‍ പൂര്‍വദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും ഇരിക്കുന്നു.

7അവരുടെദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങള്‍ക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകള്‍ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങള്‍ക്കും എണ്ണമില്ല.

8അവരുടെ ദേശത്തു വിഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര്‍ നമസ്കരിക്കുന്നു.

9മനുഷ്യന്‍ വണങ്ങുന്നു, പുരുഷന്‍ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ.

10യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്‍ക.

11മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.

12സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.

13ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും

14ഉയര്‍ന്നിരിക്കുന്ന സകല പര്‍വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും

15ഉന്നതമായ സകല ഗോപുരത്തിന്മേലും

16ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തര്‍ശ്ശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും.

17അപ്പോള്‍ മനുഷ്യന്‍റെ ഗര്‍വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.

18മിഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.

19യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ അവര്‍ അവന്‍റെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.

20യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ അവന്‍റെ ഭയങ്കരത്വംനിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്

21തങ്ങള്‍ നമസ്കരിപ്പാന്‍ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂര്‍ത്തികളെ മനുഷ്യര്‍ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.

22മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന്‍; അവനെ എന്തു വിലമതിപ്പാനുള്ളൂ?