പഴയ നിയമംMOV
1ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്ക്കീയാവ് എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.
2ആകാശമേ, കേള്‍ക്ക; ഭൂമിയേ, ചെവി തരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
3കാള തന്‍റെ ഉടയവനെയും കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല.
4അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കള്‍! അവര്‍ യഹോവയെ ഉപേക്ഷിച്ച് യിസ്രായേലിന്‍റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.
5ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങള്‍ അധികം അധികം പിന്‍മാറുകേയുള്ളൂ; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.
6അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.
7നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങള്‍ തീക്കിരയായി; നിങ്ങള്‍ കാണ്‍കെ അന്യജാതിക്കാര്‍ നിങ്ങളുടെ നാടു തിന്നുകളയുന്നു; അത് അന്യജാതിക്കാര്‍ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.
8സീയോന്‍ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.
9സൈന്യങ്ങളുടെ യഹോവ നമുക്ക് അത്യല്പമായൊരു ശേഷിപ്പു വച്ചിരുന്നില്ലങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.
10സൊദോം അധിപതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്‍വിന്‍.
11നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്ക് എന്തിന് എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല.
12നിങ്ങള്‍ എന്‍റെ സന്നിധിയിൽ വരുമ്പോള്‍ എന്‍റെ പ്രാകാരങ്ങളെ ചവിട്ടുവാന്‍ ഇതു നിങ്ങളോടു ചോദിച്ചത് ആര്‍?
13ഇനി നിങ്ങള്‍ വ്യര്‍ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും- നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
14നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുന്നു; അവ എനിക്ക് അസഹ്യം; ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
15നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്‍റെ കണ്ണു മറച്ചുകളയും; നിങ്ങള്‍ എത്രതന്നെ പ്രാര്‍ഥന കഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.
16നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്‍റെ കണ്ണിന്‍മുമ്പിൽനിന്നു നീക്കിക്കളവിന്‍; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍.
17നന്മ ചെയ്‍വാന്‍ പഠിപ്പിന്‍; ന്യായം അന്വേഷിപ്പിന്‍; പീഡിപ്പിക്കുന്നവനെ നേര്‍വഴിക്കാക്കുവിന്‍; അനാഥനു ന്യായം നടത്തിക്കൊടുപ്പിന്‍; വിധവയ്ക്കു വേണ്ടി വ്യവഹരിപ്പിന്‍.
18വരുവിന്‍, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
19നിങ്ങള്‍ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും.
20മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള്‍ വാളിനിരയായിത്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
21വിശ്വസ്തനഗരം വേശ്യയായിത്തീര്‍ന്നിരിക്കുന്നത് എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കൊലപാതകന്മാര്‍.
22നിന്‍റെ വെള്ളി കീടമായും നിന്‍റെ വീഞ്ഞു വെള്ളം ചേര്‍ന്നും ഇരിക്കുന്നു.
23നിന്‍റെ പ്രഭുക്കന്മാര്‍ മത്സരികള്‍; കള്ളന്മാരുടെ കൂട്ടാളികള്‍ തന്നെ; അവരൊക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവര്‍ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.
24അതുകൊണ്ട് യിസ്രായേലിന്‍റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഹാ, ഞാന്‍ എന്‍റെ വൈരികളോടു പകവീട്ടി എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും.
25ഞാന്‍ എന്‍റെ കൈ നിന്‍റെ നേരേ തിരിച്ചു നിന്‍റെ കീടം തീരെ ഉരുക്കിക്കളയുകയും നിന്‍റെ വെള്ളീയമൊക്കെയും നീക്കിക്കളയുകയും ചെയ്യും.
26ഞാന്‍ നിന്‍റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്‍റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്‍റെശേഷം നീ നീതിപുരം എന്നും വിശ്വസ്ത നഗരം എന്നും വിളിക്കപ്പെടും.
27സീയോന്‍ ന്യായത്താലും അതിൽ മനംതിരിയുന്നവര്‍ നീതിയാലും വീണ്ടെടുക്കപ്പെടും.
28എന്നാൽ അതിക്രമികള്‍ക്കും പാപികള്‍ക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവര്‍ മുടിഞ്ഞുപോകും.
29നിങ്ങള്‍ താൽപര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങള്‍ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങള്‍നിമിത്തം ലജ്ജിക്കും.
30നിങ്ങള്‍ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.
31ബലവാന്‍ ചണനാരുപോലെയും അവന്‍റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാന്‍ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.