പഴയ നിയമംMOV

യെശയ്യാവ് 19

1മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ളൊരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിഥ്യാമൂര്‍ത്തികള്‍ അവന്‍റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും.

2ഞാന്‍ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടും ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.

3മിസ്രയീമിന്‍റെ ചൈതന്യം അതിന്‍റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാന്‍ അതിന്‍റെ ആലോചനയെ നശിപ്പിക്കും; അപ്പോള്‍ അവര്‍ മിഥ്യാമൂര്‍ത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.

4ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കൈയിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.

6നദികള്‍ക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകള്‍ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.

7നദിക്കരികെയും നദീതീരത്തും ഉള്ള പുല്പുറങ്ങളും നദീതീരത്തു വിതച്ചതൊക്കെയും ഉണങ്ങി പറന്ന് ഇല്ലാതെപോകും.

8മീന്‍പിടിക്കുന്നവര്‍ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവര്‍ വിഷാദിക്കും.

9ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേലചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും.

10രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവര്‍ തകര്‍ന്നുപോകും; കൂലിവേലക്കാര്‍ മനോവ്യസനത്തോടെയിരിക്കും.

11സോവനിലെ പ്രഭുക്കന്മാര്‍ കേവലം ഭോഷന്മാരത്രേ; ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായിത്തീര്‍ന്നിരിക്കുന്നു; ഞാന്‍ ജ്ഞാനികളുടെ മകന്‍, പുരാതനരാജാക്കന്മാരുടെ മകന്‍ എന്നിപ്രകാരം നിങ്ങള്‍ ഫറവോനോടു പറയുന്നത് എങ്ങനെ?

12നിന്‍റെ ജ്ഞാനികള്‍ എവിടെ? അവര്‍ ഇപ്പോള്‍ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിര്‍ണയിച്ചത് അവര്‍ എന്തെന്നു ഗ്രഹിക്കട്ടെ.

13സോവനിലെ പ്രഭുക്കന്മാര്‍ ഭോഷന്മാരായിത്തീര്‍ന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍ അതിനെ തെറ്റിച്ചുകളഞ്ഞു.

14യഹോവ അതിന്‍റെ നടുവിൽ മനോവിഭ്രമം പകര്‍ന്നു; ലഹരി പിടിച്ചവന്‍ തന്‍റെ ഛര്‍ദിയിൽ ചാഞ്ചാടിനടക്കുന്നതുപോലെ അവര്‍ മിസ്രയീമിനെ അതിന്‍റെ സകല പ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.

15തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിര്‍വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന് ഉണ്ടായിരിക്കയില്ല.

16അന്നാളിൽ മിസ്രയീമ്യര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരേ കൈ ഓങ്ങുന്നതു നിമിത്തം അവര്‍ പേടിച്ചു വിറയ്ക്കും.

17യെഹൂദാദേശം മിസ്രയീമിനു ഭയങ്കരമായിരിക്കും; അതിന്‍റെ പേര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിനു വിരോധമായി നിര്‍ണയിച്ച നിര്‍ണയംനിമിത്തം ഭയപ്പെടും.

18അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങള്‍ കനാന്‍ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈര്‍ ഹഹേരെസ്) എന്നു പേര്‍ വിളിക്കപ്പെടും.

19അന്നാളിൽ മിസ്രയീംദേശത്തിന്‍റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിര്‍ത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും.

20അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്ക് ഒരു രക്ഷകനെ അയയ്ക്കും; അവന്‍ പൊരുതി അവരെ വിടുവിക്കും.

21അങ്ങനെ യഹോവ മിസ്രയീമിനു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യര്‍ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്ന് അതിനെ നിവര്‍ത്തിക്കയും ചെയ്യും.

22യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവന്‍ വീണ്ടും അവരെ സൗഖ്യമാക്കും; അവര്‍ യഹോവയിങ്കലേക്കു തിരികയും അവന്‍ അവരുടെ പ്രാര്‍ഥന കേട്ട് അവരെ സൗഖ്യമാക്കുകയും ചെയ്യും.

23അന്നാളിൽ മിസ്രയീമിൽനിന്ന് അശ്ശൂരിലേക്ക് ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യര്‍ മിസ്രയീമിലേക്കും മിസ്രയീമ്യര്‍ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യര്‍ അശ്ശൂര്യരോടുകൂടെ ആരാധന കഴിക്കും.

24അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.

25സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്ന് അരുളിച്ചെയ്യും.