പഴയ നിയമംMOV
1ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.
2അരോവേര്‍പട്ടണങ്ങള്‍ നിര്‍ജനമായിരിക്കുന്നു; അവ ആട്ടിന്‍കൂട്ടങ്ങള്‍ക്ക് ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
3എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവര്‍ യിസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4അന്നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും; അവന്‍റെ ദേഹപുഷ്‍ടി മെലിഞ്ഞുപോകും.
5അതു കൊയ്ത്തുകാരന്‍ വിള ചേര്‍ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യുംപോലെയും ഒരുത്തന്‍ രഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
6ഒലിവു തല്ലുമ്പോള്‍ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്‍റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാന്‍ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
7അന്നാളിൽ മനുഷ്യന്‍ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്‍റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും
8സൂര്യസ്തംഭങ്ങളെയും നോക്കാതെയും തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്‍റെ കണ്ണ് യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
9അന്നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിര്‍ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.
10നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്‍റെ ബലമുള്ള പാറയെ ഓര്‍ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.
11നടുന്ന ദിവസത്തിൽ നീ അതിനു വേലി കെട്ടുകയും രാവിലെ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പൊയ്പോകും.
12അയ്യോ, അനേകജാതികളുടെ മുഴക്കം; അവര്‍ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! അവര്‍ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.
13വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്ക് ഓടിപ്പോകും; കാറ്റിന്‍മുമ്പിൽ പര്‍വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍മുമ്പിൽ ചുഴന്നു പറക്കുന്ന പൊടിപോലെയും പാറിപ്പോകും.
14സന്ധ്യാസമയത്ത് ഇതാ, ഭീതി! പ്രഭാതത്തിനു മുമ്പേ അവന്‍ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.