പഴയ നിയമംMOV

യെശയ്യാവ് 16

1നിങ്ങള്‍ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമി വഴിയായി സീയോന്‍പുത്രിയുടെ പര്‍വതത്തിലേക്കു കൊടുത്തയപ്പിന്‍.

2മോവാബിന്‍റെ പുത്രിമാര്‍ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അര്‍ന്നോന്‍റെ കടവുകളിൽ ഇരിക്കും.

3ആലോചന പറഞ്ഞുതരിക; മധ്യസ്ഥം ചെയ്ക; നിന്‍റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചു കൊടുക്കരുത്.

4മോവാബിന്‍റെ ഭ്രഷ്ടന്മാര്‍ നിന്നോടുകൂടെ പാര്‍ത്തുകൊള്ളട്ടെ; കവര്‍ച്ചക്കാരന്‍റെ മുമ്പിൽ നീ അവര്‍ക്ക് ഒരു മറവായിരിക്ക; എന്നാൽ പീഡകന്‍ ഇല്ലാതെയാകും; കവര്‍ച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവര്‍ ദേശത്തുനിന്നു മുടിഞ്ഞുപോകും.

5അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതി നടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.

6ഞങ്ങള്‍ മോവാബിന്‍റെ ഗര്‍വത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവന്‍ മഹാഗര്‍വിയാകുന്നു; അവന്‍റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യര്‍ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്.

7അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നെ മുറയിടും; എല്ലാവരും മുറയിടും; കീര്‍-ഹരേശെത്തിന്‍റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള്‍ കേവലം ദുഃഖിതന്മാരായി വിലപിക്കും.

8ഹെശ്ബോന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്‍റെ ശാഖകള്‍ പടര്‍ന്ന് കടൽ കടന്നിരുന്നു.

9അതുകൊണ്ട് ഞാന്‍ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാന്‍ നിന്നെ എന്‍റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്‍റെ വേനൽക്കനികള്‍ക്കും നിന്‍റെ കൊയ്ത്തിനും പോര്‍വിളി നേരിട്ടിരിക്കുന്നു.

10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാര്‍ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്‍റെ ആര്‍പ്പുവിളി ഞാന്‍ നിര്‍ത്തിക്കളഞ്ഞിരിക്കുന്നു.

11അതുകൊണ്ട് എന്‍റെ ഉള്ളം മോവാബിനെക്കുറിച്ചും എന്‍റെ അന്തരംഗം കീര്‍-ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.

12പിന്നെമോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാര്‍ഥിപ്പാന്‍ കടന്നാൽ അവന്‍ കൃതാര്‍ഥനാകയില്ല.

13ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം.

14ഇപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്‍റെ ആണ്ടുപോലെയുള്ള മൂന്ന് ആണ്ടിനകം മോവാബിന്‍റെ മഹത്ത്വം അവന്‍റെ സര്‍വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്‍റെ ശേഷിപ്പ് അത്യല്പവും അഗണ്യവും ആയിരിക്കും.