പഴയ നിയമംMOV
1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാര്‍പ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ്ഗൃഹത്തോടു ചേര്‍ന്നുകൊള്ളും.
2ജാതികള്‍ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവര്‍ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.
3യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ
4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവന് എങ്ങനെ ഇല്ലാതെയായി! സ്വര്‍ണനഗരം എങ്ങനെ മുടിഞ്ഞു പോയി!
5യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആര്‍ക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നെ.
7സര്‍വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവര്‍ ആര്‍ത്തുപാടുന്നു.
8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരേ കയറി വരുന്നില്ല എന്നു പറയുന്നു.
9നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാന് താഴെ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകല ഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്‍ത്തുകയും ജാതികളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
10അവരൊക്കെയും നിന്നോട്: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്‍ക്കു തുല്യനായിത്തീര്‍ന്നുവോ? എന്നു പറയും.
11നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്‍ നിനക്ക് പുതപ്പായിരിക്കുന്നു.
12അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
13“ഞാന്‍ സ്വര്‍ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിര്‍ത്തിയിൽ സമാഗമപര്‍വതത്തിന്മേൽ ഞാന്‍ ഇരുന്നരുളും;
14ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്.
15എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും.
16നിന്നെ കാണുന്നവര്‍ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും
17രാജ്യങ്ങളെ കുലുക്കുകയും ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കയും ചെയ്തവന് ഇവനല്ലയോ എന്നു നിരൂപിക്കും.
18ജാതികളുടെ സകല രാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു.
19നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.
20നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്ക് അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര് എന്നും നിലനില്ക്കയില്ല.
21അവന്റെ മക്കള്‍ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങള്ക്കൊണ്ടു നിറയ്ക്കയും ചെയ്യാതിരിക്കേണ്ടതിന് അവര്‍ക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊള്‍വിന്‍.
22ഞാന്‍ അവര്‍ക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൗത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
23ഞാന്‍ അതിനെ മുള്ളന്‍പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്റെ ചൂലുകൊണ്ട് തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
24സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: ഞാന്‍ വിചാരിച്ചതുപോലെ സംഭവിക്കും; ഞാന്‍ നിര്‍ണയിച്ചതുപോലെ നിവൃത്തിയാകും.
25എന്റെ ദേശത്തുവച്ച് ഞാന്‍ അശ്ശൂരിനെ തകര്‍ക്കും; എന്റെ പര്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.
26സര്വഭൂമിയെയുംകുറിച്ച് നിര്‍ണയിച്ചിരിക്കുന്ന നിര്‍ണയം ഇതാകുന്നു; സകല ജാതികളുടെയുംമേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നെ.
27സൈന്യങ്ങളുടെ യഹോവ നിര്‍ണയിച്ചിരിക്കുന്നു; അതു ദുര്ബലമാക്കുന്നവനാര്? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാര്?
28ആഹാസ്രാജാവ് മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി:
29സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സര്‍പ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസര്‍പ്പമായിരിക്കും.
30എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര് നിര്‍ഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവന് കൊല്ലും.
31വാതിലേ, അലറുക; പട്ടണമേ, നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്ന് ഒരു പുക വരുന്നു; അവന്റെ ഗണങ്ങളിൽ ഉഴന്നുനടക്കുന്ന ഒരുത്തനുമില്ല.
32ജാതികളുടെ ദൂതന്മാര്ക്കു കിട്ടുന്ന മറുപടിയോ: യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാര്‍ ശരണം പ്രാപിക്കും എന്നത്രേ.