പഴയ നിയമംMOV
1ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം:
2മൊട്ടക്കുന്നിന്മേൽ കൊടി ഉയര്‍ത്തുവിന്‍; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയര്‍ത്തി അവരെ കൈകാട്ടി വിളിപ്പിന്‍.
3ഞാന്‍ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്‍വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാന്‍ എന്റെ കോപത്തെ നിവര്‍ത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.
4ബഹുജനത്തിന്റെ ഘോഷംപോലെ പര്‍വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
5ദേശത്തെയൊക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
6യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍; അതു സര്‍വശക്തങ്കൽനിന്നു സര്‍വനാശംപോലെ വരുന്നു.
7അതുകൊണ്ട് എല്ലാ കൈകളും തളര്‍ന്നുപോകും; സകല ഹൃദയവും ഉരുകിപ്പോകും.
8അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കു പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
9ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന് ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രന് പ്രകാശം നല്കുകയുമില്ല.
11ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
12ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീര്‍തങ്കത്തെക്കാളും ദുര്ലഭമാക്കും.
13അങ്ങനെ ഞാന്‍ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും.
14ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഓരോരുത്തന് താന്താന്റെ ജാതിയുടെ അടുക്കലേക്ക് തിരിയും; ഓരോരുത്തന് താന്താന്റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.
15കണ്ടുകിട്ടുന്നവനെയൊക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.
16അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചു തകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
17ഞാന്‍ മേദ്യരെ അവര്‍ക്കു വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവര്‍ക്കു താൽപര്യവുമില്ല.
18അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോട് അവര്‍ക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.
19രാജ്യങ്ങളുടെ മഹത്ത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറായെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
20അതിൽ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരന് അവിടെ കൂടാരമടിക്കയില്ല; ഇടയന്മാര് അവിടെ ആടുകളെ കിടത്തുകയും ഇല്ല.
21മരുമൃഗങ്ങള് അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തംചെയ്യും.
22അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീര്ഘിച്ചുപോകയുമില്ല.