പഴയ നിയമംMOV
1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്‍റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
2അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നെ.
3അവന്‍റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല.
4അവന്‍ ദരിദ്രന്മാര്‍ക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്‍ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്‍റെ വായ് എന്ന വടികൊണ്ട് അവന്‍ ഭൂമിയെ അടിക്കും; തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.
5നീതി അവന്‍റെ നടുക്കെട്ടും വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും.
6ചെന്നായ് കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
7പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
8മുലകുടിക്കുന്ന ശിശു സര്‍പ്പത്തിന്‍റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
9സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂര്‍ണമായിരിക്കയാൽ എന്‍റെ വിശുദ്ധപര്‍വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
10അന്നാളിൽ വംശങ്ങള്‍ക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
11അന്നാളിൽ കര്‍ത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
12അവന്‍ ജാതികള്‍ക്ക് ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
13എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ അസഹ്യപ്പെടുത്തുന്നവര്‍ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
14അവര്‍ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെയൊക്കെയും കൊള്ളയിടും; എദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യര്‍ അവരെ അനുസരിക്കും.
15യഹോവ മിസ്രയീംകടലിന്‍റെ നാവിന് ഉന്മൂലനാശം വരുത്തും; അവന്‍ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി ചെരുപ്പു നനയാതെ കടക്കുമാറാക്കും.
16മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിനുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവന്‍റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പെരുവഴിയുണ്ടാകും.