പഴയ നിയമംMOV

യെശയ്യാവ് 10

1ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്‍റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാര്‍ തങ്ങള്‍ക്കു കൊള്ളയായിത്തീരുവാനും അനാഥന്മാരെ തങ്ങള്‍ക്ക് ഇരയാക്കുവാനും തക്കവണ്ണം

2നീതികെട്ട ചട്ടം നിയമിക്കുന്നവര്‍ക്കും അനര്‍ഥം എഴുതി വയ്ക്കുന്ന എഴുത്തുകാര്‍ക്കും അയ്യോ കഷ്ടം!

3സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങള്‍ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങള്‍ എവിടെ വച്ചുകൊള്ളും?

4അവര്‍ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളൂ. ഇതെല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.

5എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു.

6ഞാന്‍ അവനെ അശുദ്ധമായൊരു ജാതിക്കു നേരേ അയയ്ക്കും; എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാന്‍ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നെ.

7അവനോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്‍റെ താൽപര്യം.

8അവന്‍ പറയുന്നത്: എന്‍റെ പ്രഭുക്കന്മാരൊക്കെയും രാജാക്കന്മാരല്ലയോ?

9കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?

10യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാള്‍ വിശേഷമായ ബിംബങ്ങള്‍ ഉണ്ടായിരുന്ന മിഥ്യാമൂര്‍ത്തികളുടെ രാജ്യങ്ങളെ എന്‍റെ കൈ എത്തിപ്പിടിച്ചിരിക്കെ,

11ഞാന്‍ ശമര്യയോടും അതിലെ മിഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?

12അതുകൊണ്ടു കര്‍ത്താവ് സീയോന്‍ പര്‍വതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്‍റെ അഹങ്കാരത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദര്‍ശിക്കും.

13എന്‍റെ കൈയുടെ ശക്തികൊണ്ടും എന്‍റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.

14എന്‍റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവന്‍ പറയുന്നുവല്ലോ.

15വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോട് ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടിപൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു.

16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അവന്‍റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്‍റെ മഹത്ത്വത്തിന്‍കീഴെ തീ കത്തുമ്പോലെ ഒന്നു കത്തും.

17യിസ്രായേലിന്‍റെ വെളിച്ചം ഒരു തീയായും അവന്‍റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ട് അവന്‍റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.

18അവന്‍ അവന്‍റെ കാട്ടിന്‍റെയും തോട്ടത്തിന്‍റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചുപോകുന്നതു പോലെയിരിക്കും.

19അവന്‍റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങള്‍ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം.

20അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്‍റെ പരിശുദ്ധനായ യഹോവയെ പരമാര്‍ഥമായി ആശ്രയിക്കും.

21ഒരു ശേഷിപ്പു മടങ്ങിവരും (ശെയാര്‍-യാശൂബ്); യാക്കോബിന്‍റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.

22യിസ്രായേലേ, നിന്‍റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായൊരു സംഹാരം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.

23എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് സര്‍വ ഭൂമിയുടെയും മധ്യേ നിര്‍ണയിക്കപ്പെട്ട സംഹാരം വരുത്തും.

24അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്‍റെ ജനമേ, അശ്ശൂര്‍ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്‍റെ നേരേ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.

25ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ട് എന്‍റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്‍റെ കോപവും തീര്‍ന്നുപോകും.

26ഓറേബ്പാറയ്ക്കരികെ വച്ചുള്ള മിദ്യാന്‍റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്‍റെ നേരേ ഒരു ചമ്മട്ടിയെ പൊക്കും; അവന്‍ തന്‍റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.

27അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകര്‍ന്നുപോകും.

28അവന്‍ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നു; മിക്മാശിൽ തന്‍റെ പടക്കോപ്പു വച്ചിരിക്കുന്നു.

29അവര്‍ ചുരം കടന്നു; ഗേബയിൽ രാപാര്‍ത്തു; റാമാ നടുങ്ങുന്നു; ശൗലിന്‍റെ ഗിബെയാ ഓടിപ്പോയി.

30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേള്‍ക്ക; അനാഥോത്തേ, ഉത്തരം പറക.

31മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികള്‍ ഓട്ടത്തിനു വട്ടംകൂട്ടുന്നു.

32ഇന്ന് അവന്‍ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോന്‍പുത്രിയുടെ പര്‍വതത്തിന്‍റെ നേരേ അവന്‍ കൈ കുലുക്കുന്നു.

33സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളര്‍ന്നവയെ അവന്‍ വെട്ടിയിടുകയും ഉയര്‍ന്നവയെ താഴ്ത്തുകയും ചെയ്യും.

34അവന്‍ വനത്തിലെ പള്ളക്കാടുകളെ ഇരുമ്പായുധം കൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്‍റെ കൈയാൽ വീണുപോകും.