പഴയ നിയമംMOV

ഹോശേയ 8

1അവര്‍ എന്‍റെ നിയമത്തെ ലംഘിച്ച് എന്‍റെ ന്യായപ്രമാണത്തിനു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വയ്ക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.

2അവര്‍ എന്നോട്: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.

3യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.

4അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിനു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.

5ശമര്യയേ, നിന്‍റെ പശുക്കിടാവിനെ അവന്‍ വെറുക്കുന്നു; എന്‍റെ കോപം അവരുടെ നേരേ ജ്വലിക്കുന്നു; അവര്‍ക്കു കുറ്റമില്ലായ്മ എത്രത്തോളം അസാധ്യമായിരിക്കും?

6ഇതു യിസ്രായേലിന്‍റെ പണി തന്നെ; ഒരു കൗശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് നുറുങ്ങിപ്പോകും.

7അവര്‍ കാറ്റു വിതച്ചു, ചുഴലിക്കാറ്റുകൊയ്യും; അതിനു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.

8യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.

9അവന്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്ക് പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.

10അവര്‍ ജാതികളുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്‍റെ ചുമടിന്‍കീഴിൽ വേഗത്തിൽ വേദനപ്പെടും.

11എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങള്‍ അവന് പാപഹേതുവായിത്തീര്‍ന്നിരിക്കുന്നു.

12ഞാന്‍ എന്‍റെ ന്യായപ്രമാണം അവനു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വകാര്യമായി എണ്ണപ്പെടുന്നു.

13അവര്‍ എന്‍റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന്‍ അവരുടെ അകൃത്യം ഓര്‍ത്ത് അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.

14യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാന്‍ അവന്‍റെ പട്ടണങ്ങളിൽ തീ അയയ്ക്കും; അത് അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.