പഴയ നിയമംMOV

ഹോശേയ 5

1പുരോഹിതന്മാരേ, കേള്‍പ്പിന്‍; യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്‍വിന്‍; രാജഗൃഹമേ, ചെവിതരുവിന്‍; നിങ്ങള്‍ മിസ്പായ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീര്‍ന്നിരിക്കകൊണ്ട് ന്യായവിധി നിങ്ങള്‍ക്കു വരുന്നു.

2മത്സരികള്‍ വഷളത്തത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവര്‍ക്ക് ഏവര്‍ക്കും ഒരു ശാസകന്‍ ആകുന്നു.

3ഞാന്‍ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോള്‍ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.

4അവര്‍ തങ്ങളുടെ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന് അവരുടെ പ്രവൃത്തികള്‍ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവര്‍ യഹോവയെ അറിയുന്നതുമില്ല.

5യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദായും അവരോടുകൂടെ ഇടറിവീഴും.

6യഹോവയെ അന്വേഷിക്കേണ്ടതിന് അവര്‍ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവര്‍ അവനെ കണ്ടെത്തുകയില്ല; അവന്‍ അവരെ വിട്ടുമാറിയിരിക്കുന്നു.

7അവര്‍ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ട് അവര്‍ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഒരു അമാവാസി അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.

8ഗിബെയയിൽ കാഹളവും രാമായിൽ തൂര്യവും ഊതുവിന്‍; ബേത്ത്-ആവെനിൽ പോര്‍വിളി കൂട്ടുവിന്‍; ബെന്യാമീനേ, നിന്‍റെ പിറകെ വരുന്നു.

9ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാന്‍ യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.

10യെഹൂദാപ്രഭുക്കന്മാര്‍ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ എന്‍റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.

11എഫ്രയീമിന് മാനുഷകല്പന അനുസരിച്ചു നടപ്പാന്‍ ഇഷ്ടം തോന്നിയതുകൊണ്ട് അവന്‍ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.

12അതുകൊണ്ടു ഞാന്‍ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും.

13എഫ്രയീം തന്‍റെ വ്യാധിയും യെഹൂദാ തന്‍റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരിൽ ചെന്ന് യുദ്ധതൽപരനായ രാജാവിന്‍റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവനു കഴിഞ്ഞില്ല.

14ഞാന്‍ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍തന്നെ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചുകൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.

15അവര്‍ കുറ്റം ഏറ്റുപറഞ്ഞ് എന്‍റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്‍റെ സ്ഥലത്ത് ഇരിക്കും; കഷ്ടതയിൽ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.