പുതിയ നിയമംMOV

എബ്രായര്‍ 9

1എന്നാല്‍ ആദ്യനിയമത്തിനും ആരാധനയ്ക്കുള്ള ചട്ടങ്ങളും ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.

2ഒരു കൂടാരം ചമച്ചു; അതിന്‍റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേര്‍.

3രണ്ടാം തിരശ്ശീലയ്ക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.

4അതില്‍ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്തു മന്ന ഇട്ടുവച്ച പൊന്‍പാത്രവും അഹരോന്‍റെ തളിര്‍ത്ത വടിയും നിയമത്തിന്‍റെ കല്പലകകളും

5അതിനു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്‍റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഓരോന്നായി വിവരിപ്പാന്‍ കഴിവില്ല.

6ഇവ ഇങ്ങനെ തീര്‍ന്നശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും.

7രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവന്‍ തന്‍റെയും ജനത്തിന്‍റെയും അബദ്ധങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കും.

8മുന്‍കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാല്‍ സൂചിപ്പിക്കുന്നു.

9ആ കൂടാരം ഈ കാലത്തേക്ക് ഒരു സാദൃശ്യമത്രേ. അതിന് ഒത്തവണ്ണം ആരാധനക്കാരനു മനസ്സാക്ഷിയില്‍ പൂര്‍ണസമാധാനം വരുത്തുവാന്‍ കഴിയാത്ത വഴിപാടും യാഗവും അര്‍പ്പിച്ചുപോരുന്നു.

10അവ ഭക്ഷ്യങ്ങള്‍, പാനീയങ്ങള്‍, വിവിധ സ്നാനങ്ങള്‍ എന്നിവയോടുകൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.

11ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്: കൈപ്പണിയല്ലാത്തതായി എന്നുവച്ചാല്‍ ഈ സൃഷ്ടിയില്‍ ഉള്‍പ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തില്‍ക്കൂടി

12ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താല്‍ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

13ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേല്‍ തളിക്കുന്ന പശു ഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കില്‍

14നിത്യാത്മാവിനാല്‍ ദൈവത്തിനു തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച ക്രിസ്തുവിന്‍റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന്‍ നിങ്ങളുടെ മനസ്സാക്ഷിയെ നിര്‍ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

15അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടായിട്ട് നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്ക് ലഭിക്കേണ്ടതിന് അവന്‍ പുതിയനിയമത്തിന്‍റെ മധ്യസ്ഥന്‍ ആകുന്നു.

16നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്‍റെ മരണം തെളിവാന്‍ ആവശ്യം.

17മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നത്; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന് ഉറപ്പില്ല.

18അതുകൊണ്ട് ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.

19മോശെ ന്യായപ്രമാണപ്രകാരം കല്പനയൊക്കെയും സകല ജനത്തോടും പ്രസ്താവിച്ചശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകല ജനത്തിന്മേലും തളിച്ചു:

20“ഇത് ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്‍റെ രക്തം” എന്നു പറഞ്ഞു.

21അങ്ങനെ തന്നെ അവന്‍ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.

22ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

23ആകയാല്‍ സ്വര്‍ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈ വകയാല്‍ ശുദ്ധമാക്കുന്നത് ആവശ്യം. സ്വര്‍ഗീയമായവയ്ക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം.

24ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗത്തിലേക്കത്രേ പ്രവേശിച്ചത്.

25മഹാപുരോഹിതന്‍ ആണ്ടുതോറും അന്യ രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല.

26അങ്ങനെയായാല്‍ ലോകസ്ഥാപനം മുതല്‍ക്ക് അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്തയാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.

27ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കു നിയമിച്ചിരിക്കയാല്‍

28ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.