പുതിയ നിയമംMOV

എബ്രായര്‍ 8

1നാം ഈ പറയുന്നതിന്‍റെ സാരം എന്തെന്നാല്‍: സ്വര്‍ഗത്തില്‍ മഹിമാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നവനായി,

2വിശുദ്ധസ്ഥലത്തിന്‍റെയും മനുഷ്യനല്ല കര്‍ത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനായ മഹാപുരോഹിതന്‍ നമുക്കുണ്ട്.

3ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ നിയമിക്കപ്പെടുന്നു; ആകയാല്‍ അര്‍പ്പിപ്പാന്‍ ഇവനും വല്ലതും വേണം.

4അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍ പുരോഹിതന്‍ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാട് അര്‍പ്പിക്കുന്നവര്‍ ഉണ്ടല്ലോ.

5കൂടാരം തീര്‍പ്പാന്‍ മോശെ ആരംഭിച്ചപ്പോള്‍ “പര്‍വതത്തില്‍ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‍വാന്‍ നോക്കുക” എന്ന് അവനോട് അരുളിച്ചെയ്തതുപോലെ അവര്‍ സ്വര്‍ഗീയത്തിന്‍റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു.

6അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട നിയമത്തിന്‍റെ മധ്യസ്ഥനാകയാല്‍ അതിന്‍റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.

7ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു.

8എന്നാല്‍ അവന്‍ അവരെ ആക്ഷേപിച്ചുകൊണ്ട് അരുളിച്ചെയ്യുന്നത്: “ഞാന്‍ യിസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന് കര്‍ത്താവിന്‍റെ അരുളപ്പാട്.

9ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെ അല്ല; അവര്‍ എന്‍റെ നിയമത്തില്‍ നിലനിന്നില്ല; ഞാന്‍ അവരെ ആദരിച്ചതുമില്ല എന്നു കര്‍ത്താവിന്‍റെ അരുളപ്പാട്.

10ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.

11ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്ന് ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.

12ഞാന്‍ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവന്‍ ആകും; അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കയുമില്ല എന്ന് കര്‍ത്താവിന്‍റെ അരുളപ്പാട്.”

13പുതിയത് എന്നു പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു.