പുതിയ നിയമംMOV
1അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അത് ലഭിക്കാതെപോയി എന്ന് വരാതിരിപ്പാന്‍ നാം ഭയപ്പെടുക.
2അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്ക് ഉപകാരമായി വന്നില്ല.
3വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയ ശേഷവും: “അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്‍റെ കോപത്തില്‍ സത്യം ചെയ്തു” എന്ന് അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
4“ഏഴാം നാളില്‍ ദൈവം തന്‍റെ സകല പ്രവൃത്തികളില്‍നിന്നും നിവൃത്തനായി” എന്ന് ഏഴാം നാളിനെക്കുറിച്ച് ഒരേടത്തു പറഞ്ഞിരിക്കുന്നു.
5“എന്‍റെ സ്വസ്ഥതയില്‍ അവര്‍ പ്രവേശിക്കയില്ല” എന്ന് ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.
6അതുകൊണ്ട് ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പേ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടു നിമിത്തം പ്രവേശിക്കാതെ പോകയാലും
7ഇത്ര കാലത്തിന്‍റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്ന് അവന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് മുമ്പേ പറഞ്ഞതുപോലെ “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
8യോശുവ അവര്‍ക്കു സ്വസ്ഥത വരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതില്‍ കല്പിക്കയില്ലായിരുന്നു;
9ആകയാല്‍ ദൈവത്തിന്‍റെ ജനത്തിന് ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
10ദൈവം തന്‍റെ പ്രവൃത്തികളില്‍നിന്ന് എന്നപോലെ അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്‍റെ പ്രവൃത്തികളില്‍നിന്ന് നിവൃത്തനായിത്തീര്‍ന്നു.
11അതുകൊണ്ട് ആരും അനുസരണക്കേടിന്‍റെ സമദൃഷ്ടാന്തത്തിനൊത്തവണ്ണം വീഴാതിരിക്കേണ്ടതിനു നാം ആ സ്വസ്ഥതയില്‍ പ്രവേശിപ്പാന്‍ ഉത്സാഹിക്ക.
12ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേര്‍വിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
13അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്‍റെ കണ്ണിനു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.
14ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയൊരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്ക് ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊള്‍ക.
15നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; പാപം ഒഴികെ സര്‍വത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.
16അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.