പുതിയ നിയമംMOV
1ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപമല്ലായ്കകൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല് അടുത്തുവരുന്നവര്‍ക്കു സല്ഗുണപൂര്ത്തി വരുത്തുവാന്‍ ഒരുനാളും കഴിവുള്ളതല്ല.
2അല്ലെങ്കില്‍ ആരാധനക്കാര്‍ക്ക് ഒരിക്കല്‍ ശുദ്ധിവന്നതിന്റെശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?
3ഇപ്പോഴോ ആണ്ടുതോറും അവയാല്‍ പാപങ്ങളുടെ ഓര്മ ഉണ്ടാകുന്നു.
4കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാന്‍ കഴിയുന്നതല്ല.
5ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.
6സര്‍വാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
7അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില് എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാന് ഞാന്‍ വരുന്നു” എന്ന് അവന് പറയുന്നു.
8ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്‍വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയില്‍ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
9ഇതാ, ഞാന്‍ നിന്റെ ഇഷ്ടം ചെയ്വാന് വരുന്നു എന്നു പറഞ്ഞുകൊണ്ട് അവന് രണ്ടാമത്തേതിനെ സ്ഥാപിപ്പാന് ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
10ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല് വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന് ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.
12യേശുവോ പാപങ്ങള്‍ക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട്
13തന്റെ ശത്രുക്കള്‍ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
14ഏകയാഗത്താല് അവന് വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാകാലത്തേക്കും സല്ഗുണപൂര്ത്തി വരുത്തിയിരിക്കുന്നു.
15അത് പരിശുദ്ധാത്മാവും നമുക്ക് സാക്ഷീകരിക്കുന്നു.
16“ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്നു കര്‍ത്താവിന്റെ അരുളപ്പാട്” എന്ന് അരുളിച്ചെയ്തശേഷം:
17“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു.
18എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല.
19അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയില്‍ക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
20തന്റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്
21ധൈര്യവും ദൈവാലയത്തിന്മേല് ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട്
22നാം ദുര്‍മനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല് ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണനിശ്ചയം പൂണ്ടു പരമാര്‍ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
23പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്‍ക; വാഗ്ദത്തം ചെയ്തവന് വിശ്വസ്തനല്ലോ.
24ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട്
25സ്നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്ധിപ്പിപ്പാന് അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള് സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
26സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂര്‍വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
27ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളൂ.
28മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവനു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴി കേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
29ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന് എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിന്.
30“പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം വീട്ടും” എന്നും “കര്‍ത്താവ് തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
31ജീവനുള്ള ദൈവത്തിന്റെ കൈയില്‍ വീഴുന്നത് ഭയങ്കരം.
32എന്നാല്‍ നിങ്ങള്‍ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
33ആ വക അനുഭവിക്കുന്നവര്‍ക്ക് കൂട്ടാളികളായിത്തീര്ന്നും ഇങ്ങനെ കഷ്ടങ്ങളാല് വളരെ പോരാട്ടം കഴിച്ച പൂര്‍വകാലം ഓര്‍ത്തുകൊള്‍വിന്‍.
34തടവുകാരോടു നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗത്തില്‍ നിലനില്‍ക്കുന്ന ഉത്തമസമ്പത്ത് നിങ്ങള്‍ക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
35അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്.
36ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്ക് ആവശ്യം.
37“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന് വരും താമസിക്കയുമില്ല;”
38എന്നാല്‍ “എന്റെ നീതിമാന് വിശ്വാസത്താല്‍ ജീവിക്കും; പിന്മാറുന്നു എങ്കില്‍ എന്റെ ഉള്ളത്തിന് അവനില്‍ പ്രസാദമില്ല.”
39നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.