പഴയ നിയമംMOV

ഉൽപത്തി 46

1അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്‍-ശേബയിൽ എത്തി തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവത്തിനു യാഗം കഴിച്ചു.

2ദൈവം യിസ്രായേലിനോടു രാത്രിദര്‍ശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിനു ഞാന്‍ ഇതാ എന്ന് അവന്‍ പറഞ്ഞു.

3അപ്പോള്‍ അവന്‍: ഞാന്‍ ദൈവം ആകുന്നു; നിന്‍റെ പിതാവിന്‍റെ ദൈവം തന്നെ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.

4ഞാന്‍ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന്‍ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ട് നിന്‍റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തു.

5പിന്നെ യാക്കോബ് ബേര്‍-ശേബയിൽ നിന്നു പുറപ്പെട്ടു; യിസ്രായേലിന്‍റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.

6തങ്ങളുടെ ആടുമാടുകളെയും കനാന്‍ദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി.

7അവന്‍ തന്‍റെ പുത്രീപുത്രന്മാരെയും പൗത്രീപൗത്രന്മാരെയും തന്‍റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.

8മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകള്‍ ആവിത്: യാക്കോബും അവന്‍റെ പുത്രന്മാരും; യാക്കോബിന്‍റെ ആദ്യജാതനായ രൂബേന്‍.

9രൂബേന്‍റെ പുത്രന്മാര്‍: ഹനോക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി.

10ശിമെയോന്‍റെ പുത്രന്മാര്‍: യെമൂവേൽ, യാമീന്‍, ഓഹദ്, യാഖീന്‍, സോഹര്‍, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.

11ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോന്‍, കഹാത്ത്, മെരാരി.

12യെഹൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏര്‍, ഓനാന്‍ എന്നിവര്‍ കനാന്‍ദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്‍റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂൽ.

13യിസ്സാഖാരിന്‍റെ പുത്രന്മാര്‍: തോലാ, പുവ്വാ, യോബ്, ശിമ്രോന്‍.

14സെബൂലൂന്‍റെ പുത്രന്മാര്‍: സേരെദ്, ഏലോന്‍, യഹ്ളെയേൽ.

15ഇവര്‍ ലേയായുടെ പുത്രന്മാര്‍; അവള്‍ അവരെയും യാക്കോബിന്‍റെ മകളായ ദീനായെയും അവനു പദ്ദന്‍-അരാമിൽവച്ചു പ്രസവിച്ചു; അവന്‍റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ മുപ്പത്തിമൂന്നു പേര്‍ ആയിരുന്നു.

16ഗാദിന്‍റെ പുത്രന്മാര്‍: സിഫ്യോന്‍, ഹഗ്ഗീ, ശൂനീ, എസ്ബോന്‍, ഏരീ, അരോദീ, അരേലീ.

17ആശേരിന്‍റെ പുത്രന്മാര്‍: യിമ്നാ, യിശ്വാ, യിശ്‍വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്‍റെ പുത്രന്മാര്‍: ഹേബെര്‍, മൽക്കീയേൽ.

18ഇവര്‍ ലാബാന്‍ തന്‍റെ മകളായ ലേയായ്ക്കു കൊടുത്ത സില്പായുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.

19യാക്കോബിന്‍റെ ഭാര്യയായ റാഹേലിന്‍റെ പുത്രന്മാര്‍: യോസേഫ്, ബെന്യാമീന്‍.

20യോസേഫിന് മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവനു പ്രസവിച്ചു.

21ബെന്യാമീന്‍റെ പുത്രന്മാര്‍: ബേല, ബേഖെര്‍, അശ്ബെൽ, ഗേരാ, നാമാന്‍, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.

22ഇവര്‍ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാര്‍; എല്ലാംകൂടെ പതിന്നാലു പേര്‍.

23ദാന്‍റെ പുത്രന്മാര്‍: ഹൂശീം.

24നഫ്താലിയുടെ പുത്രന്മാര്‍: യഹസേൽ, ഗൂനീ, യേസെര്‍, ശില്ലേം.

25ഇവര്‍ ലാബാന്‍ തന്‍റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴു പേര്‍.

26യാക്കോബിന്‍റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്‍റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവര്‍ ആകെ അറുപത്താറു പേര്‍.

27യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാര്‍ രണ്ടു പേര്‍; മിസ്രയീമിൽ വന്നവരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപതു പേര്‍.

28എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന് അവന്‍ യെഹൂദായെ അവന്‍റെ അടുക്കൽ മുമ്പിട്ട് അയച്ചു; ഇങ്ങനെ അവര്‍ ഗോശെന്‍ദേശത്ത് എത്തി.

29യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാന്‍ ഗോശെനിലേക്കുപോയി, അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.

30യിസ്രായേൽ യോസേഫിനോട്: നീ ജീവനോടിരിക്കുന്നു എന്നു ഞാന്‍ നിന്‍റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന്‍ ഇപ്പോള്‍തന്നെ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.

31പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്‍റെ കുടുംബത്തോടും പറഞ്ഞത്: ഞാന്‍ ചെന്നു ഫറവോനോട്, കനാന്‍ദേശത്തുനിന്ന് എന്‍റെ സഹോദരന്മാരും അപ്പന്‍റെ കുടുംബവും എന്‍റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.

32അവര്‍ ഇടയന്മാര്‍ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവര്‍ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങള്‍ക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ട് എന്ന് അവനോടു പറയും.

33അതുകൊണ്ട് ഫറവോന്‍ നിങ്ങളെ വിളിച്ച്: നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിക്കുമ്പോള്‍:

34അടിയങ്ങള്‍ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാര്‍ ആകുന്നു എന്നു പറവിന്‍; എന്നാൽ നിങ്ങള്‍ക്കു ഗോശെനിൽ പാര്‍പ്പാന്‍ സംഗതിയാകും; ഇടയന്മാര്‍ എല്ലാം മിസ്രയീമ്യര്‍ക്കു വെറുപ്പല്ലോ.