പഴയ നിയമംMOV

ഉൽപത്തി 43

1എന്നാൽ ക്ഷാമം ദേശത്തു കഠിനമായിത്തീര്‍ന്നു.

2അവര്‍ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീര്‍ന്നപ്പോള്‍ അവരുടെ അപ്പന്‍ അവരോട്: നിങ്ങള്‍ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന്‍ എന്നു പറഞ്ഞു.

3അതിനു യെഹൂദാ അവനോടു പറഞ്ഞത്: നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങള്‍ എന്‍റെ മുഖം കാണുകയില്ല എന്ന് അദ്ദേഹം തീര്‍ച്ചയായും ഞങ്ങളോടു പറഞ്ഞിരിക്കുന്നു.

4നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളോടുകൂടെ അയച്ചാൽ ഞങ്ങള്‍ ചെന്ന് ആഹാരം വാങ്ങിക്കൊണ്ടുവരാം;

5അയയ്ക്കാഞ്ഞാലോ ഞങ്ങള്‍ പോകയില്ല. നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങള്‍ എന്‍റെ മുഖം കാണുകയില്ല എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.

6നിങ്ങള്‍ക്ക് ഇനിയും ഒരു സഹോദരന്‍ ഉണ്ടെന്ന് നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന് എന്നു യിസ്രായേൽ പറഞ്ഞു.

7അതിന് അവര്‍: നിങ്ങളുടെ അപ്പന്‍ ജീവിച്ചിരിക്കുന്നുവോ? നിങ്ങള്‍ക്ക് ഇനിയും ഒരു സഹോദരന്‍ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയുംകുറിച്ചു താൽപര്യമായി ചോദിച്ചതുകൊണ്ടു ഞങ്ങള്‍ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.

8പിന്നെ യെഹൂദാ തന്‍റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത്: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങള്‍ പോകാം.

9ഞാന്‍ അവനുവേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയിൽനിന്നു ചോദിക്കേണം; ഞാന്‍ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്‍റെ മുമ്പിൽ നിര്‍ത്തുന്നില്ലങ്കിൽ ഞാന്‍ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.

10ഞങ്ങള്‍ താമസിച്ചിരുന്നില്ലങ്കിൽ ഇപ്പോള്‍ രണ്ടു പ്രാവശ്യം പോയി വരുമായിരുന്നു.

11അപ്പോള്‍ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിന്‍: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേന്‍, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ച വയ്പിന്‍.

12ഇരട്ടിദ്രവ്യവും കൈയിൽ എടുത്തുകൊള്‍വിന്‍; നിങ്ങളുടെ ചാക്കിന്‍റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കൈയിൽ തിരികെ കൊണ്ടുപോകുവിന്‍; പക്ഷേ അതു കൈമറിച്ചലായിരിക്കും.

13നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്‍റെ അടുക്കൽ വീണ്ടും ചെല്ലുവിന്‍.

14അവന്‍ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയയ്ക്കേണ്ടതിന് സര്‍വ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.

15അങ്ങനെ അവര്‍ ആ കാഴ്ചയും ഇരട്ടി ദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്‍റെ മുമ്പിൽ നിന്നു.

16അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോള്‍ അവന്‍ തന്‍റെ ഗൃഹവിചാരകനോട്: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവര്‍ ഉച്ചയ്ക്ക് എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊള്‍ക എന്നു കല്പിച്ചു.

17യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു; അവരെ യോസേഫിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി.

18തങ്ങളെ യോസേഫിന്‍റെ വീട്ടിൽ കൊണ്ടുപോകയാൽ അവര്‍ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു.

19അവര്‍ യോസേഫിന്‍റെ ഗൃഹവിചാരകന്‍റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോടു സംസാരിച്ചു:

20യജമാനനേ, ആഹാരം കൊള്ളുവാന്‍ ഞങ്ങള്‍ മുമ്പേ വന്നിരുന്നു.

21ഞങ്ങള്‍ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോള്‍ ഓരോരുത്തന്‍റെ ദ്രവ്യം മുഴുവനും അവനവന്‍റെ ചാക്കിന്‍റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.

22ആഹാരം കൊള്ളുവാന്‍ വേറേ ദ്രവ്യവും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്നു പറഞ്ഞു.

23അതിന് അവന്‍: നിങ്ങള്‍ക്കു സമാധാനം; നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്‍റെ ദൈവംതന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങള്‍ക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.

24പിന്നെ അവന്‍ അവരെ യോസേഫിന്‍റെ വീട്ടിനകത്തു കൊണ്ടുപോയി; അവര്‍ക്കു വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്ക് അവന്‍ തീന്‍ കൊടുത്തു.

25ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവര്‍ കാഴ്ച ഒരുക്കിവച്ചു; തങ്ങള്‍ക്കു ഭക്ഷണം അവിടെ എന്ന് അവര്‍ കേട്ടിരുന്നു.

26യോസേഫ് വീട്ടിൽ വന്നപ്പോള്‍ അവര്‍ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്ന് അവന്‍റെ മുമ്പാകെ വച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.

27അവന്‍ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങള്‍ പറഞ്ഞ വൃദ്ധന്‍, നിങ്ങളുടെ അപ്പന്‍ സൗഖ്യമായിരിക്കുന്നുവോ? അവന്‍ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.

28അതിന് അവര്‍: ഞങ്ങളുടെ അപ്പനായ നിന്‍റെ അടിയാനു സുഖം തന്നെ; അവന്‍ ജീവനോടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.

29പിന്നെ അവന്‍ തല ഉയര്‍ത്തി, തന്‍റെ അമ്മയുടെ മകനും തന്‍റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങള്‍ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന്‍ എന്നു ചോദിച്ചു; ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു.

30അനുജനെ കണ്ടിട്ടു യോസേഫിന്‍റെ മനസ്സ് ഉരുകിയതുകൊണ്ട് അവന്‍ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, അറയിൽ ചെന്ന് അവിടെവച്ചു കരഞ്ഞു.

31പിന്നെ അവന്‍ മുഖം കഴുകി പുറത്തുവന്നു തന്നെത്താന്‍ അടക്കി: ഭക്ഷണം കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.

32അവര്‍ അവനു പ്രത്യേകവും അവര്‍ക്കു പ്രത്യേകവും അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്‍ക്കു പ്രത്യേകവും കൊണ്ടുവന്നു വച്ചു; മിസ്രയീമ്യര്‍ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്‍ക്കു വെറുപ്പാകുന്നു.

33മൂത്തവന്‍ മുതൽ ഇളയവന്‍വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്‍റെ മുമ്പാകെ ഇരുത്തി; അവര്‍ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.

34അവന്‍ തന്‍റെ മുമ്പിൽനിന്ന് അവര്‍ക്ക് ഓഹരി കൊടുത്തയച്ചു; ബെന്യാമീന്‍റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു: അവര്‍ പാനം ചെയ്ത് അവനോടുകൂടെ ആഹ്ലാദിച്ചു.