പഴയ നിയമംMOV
1രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോന്‍ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: അവന്‍ നദീതീരത്തു നിന്നു.
2അപ്പോള്‍ രൂപഗുണവും മാംസപുഷ്‍ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ രൂപഗുണവും മാംസപുഷ്‍ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു.
5അവന്‍ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്‍ടിയുള്ളതും നല്ലതുമായ ഏഴു കതിര്‍ ഒരുതണ്ടിൽനിന്നു പൊങ്ങിവന്നു.
6അവയുടെ പിന്നാലെ നേര്‍ത്തും കിഴക്കന്‍ കാറ്റിനാൽ കരിഞ്ഞും ഇരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.
7നേര്‍ത്ത ഏഴു കതിരുകള്‍ പുഷ്‍ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു, അതു സ്വപ്നം എന്ന് അറിഞ്ഞു.
8പ്രാതഃകാലത്ത് അവന്‍ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്‍റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
9അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞത്: ഇന്നു ഞാന്‍ എന്‍റെ കുറ്റം ഓര്‍ക്കുന്നു.
10ഫറവോന്‍ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്‍റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.
11അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വെവ്വേറെ അര്‍ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തന്‍ കണ്ടത്.
12അവിടെ അകമ്പടിനായകന്‍റെ ദാസനായ ഒരു എബ്രായ യൗവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോട് അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു താന്താന്‍റെ സ്വപ്നത്തിന്‍റെ അര്‍ഥം പറഞ്ഞുതന്നു.
13അവന്‍ അര്‍ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.
14ഉടനെ ഫറവോന്‍ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവര്‍ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവന്‍ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്‍റെ അടുക്കൽ ചെന്നു.
15ഫറവോന്‍ യോസേഫിനോട്: ഞാന്‍ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യാനിപ്പാന്‍ ആരുമില്ല; എന്നാൽ നീയൊരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
16അതിനു യോസേഫ് ഫറവോനോട്: ഞാനല്ല, ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും എന്നു പറഞ്ഞു.
17പിന്നെ ഫറവോന്‍ യോസേഫിനോടു പറഞ്ഞത്: എന്‍റെ സ്വപ്നത്തിൽ ഞാന്‍ നദീതീരത്തു നിന്നു.
18അപ്പോള്‍ മാംസപുഷ്‍ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
19അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറിവന്നു; അത്ര വിരൂപമായവയെ ഞാന്‍ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല.
20എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ പുഷ്‍ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
21ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെതന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു.
22പിന്നെയും ഞാന്‍ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടിൽ പൊങ്ങിവന്നു.
23അവയുടെ പിന്നാലെ ഉണങ്ങിയും നേര്‍ത്തും കിഴക്കന്‍ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.
24നേര്‍ത്ത കതിരുകള്‍ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
25അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്‍റെ സ്വപ്നം ഒന്നുതന്നെ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.
26ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നുതന്നെ.
27അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കന്‍ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരമാകുന്നു.
28ദൈവം ചെയ്‍വാന്‍ ഭാവിക്കുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാന്‍ ഫറവോനോടു പറഞ്ഞത്.
29മിസ്രയീംദേശത്തൊക്കെയും ബഹുസുഭിക്ഷമായ ഏഴു സംവത്സരം വരും.
30അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോള്‍ മിസ്രയീംദേശത്ത് ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശമൊക്കെയും ക്ഷയിച്ചുപോകും.
31പിന്‍വരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
32ഫറവോനു സ്വപ്നം രണ്ടു വട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്‍റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
33ആകയാൽ ഫറവോന്‍ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ച് മിസ്രയീംദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം.
34അതുകൂടാതെ ഫറവോന്‍ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
35ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്‍റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചു വയ്ക്കേണം.
36ആ ധാന്യം മിസ്രയീംദേശത്തു വരുവാന്‍ പോകുന്ന ക്ഷാമമുള്ള ഏഴു സംവത്സരത്തേക്കു ദേശത്തിനു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.
37ഈ വാക്ക് ഫറവോനും അവന്‍റെ സകല ഭൃത്യന്മാര്‍ക്കും ബോധിച്ചു.
38ഫറവോന്‍ തന്‍റെ ഭൃത്യന്മാരോട്: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
39പിന്നെ ഫറവോന്‍ യോസേഫിനോട്: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല.
40നീ എന്‍റെ ഗൃഹത്തിനു മേലധികാരിയാകും; നിന്‍റെ വാക്ക് എന്‍റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു.
41ഇതാ, മിസ്രയീംദേശത്തിനൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.
42ഫറവോന്‍ തന്‍റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്‍റെ കൈക്ക് ഇട്ടു, അവനെ നേര്‍മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വര്‍ണസരപ്പളിയും അവന്‍റെ കഴുത്തിലിട്ടു.
43തന്‍റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിന്‍ എന്ന് അവന്‍റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിനൊക്കെയും മേലധികാരി ആക്കി.
44പിന്നെ ഫറവോന്‍ യോസേഫിനോട്: ഞാന്‍ ഫറവോനാകുന്നു; നിന്‍റെ കല്പന കൂടാതെ മിസ്രയീംദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
45ഫറവോന്‍ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
46യോസേഫ് മിസ്രയീംരാജാവായ ഫറവോന്‍റെ മുമ്പാകെ നില്ക്കുമ്പോള്‍ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്‍റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് മിസ്രയീംദേശത്തൊക്കെയും സഞ്ചരിച്ചു.
47എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
48മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യമൊക്കെയും അവന്‍ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
49അങ്ങനെ യോസേഫ് കടല്ക്കരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചുവച്ചു; അളപ്പാന്‍ കഴിവില്ലായ്കയാൽ അളവു നിര്‍ത്തിക്കളഞ്ഞു.
50ക്ഷാമകാലം വരുംമുമ്പേ യോസേഫിനു രണ്ടു പുത്രന്മാര്‍ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്ത് പ്രസവിച്ചു.
51എന്‍റെ സകല കഷ്ടതയും എന്‍റെ പിതൃഭവനമൊക്കെയും ദൈവം എന്നെ മറക്കു മാറാക്കി എന്നു പറഞ്ഞു യോസേഫ് തന്‍റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.
52സങ്കടദേശത്തു ദൈവം എന്നെ വര്‍ധിപ്പിച്ചു എന്നു പറഞ്ഞ്, അവന്‍ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.
53മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോള്‍
54യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകല ദേശങ്ങളിലും ക്ഷാമം ഉണ്ടായി; എന്നാൽ മിസ്രയീംദേശത്ത് എല്ലായിടവും ആഹാരം ഉണ്ടായിരുന്നു.
55പിന്നെ മിസ്രയീംദേശത്ത് എല്ലായിടവും ക്ഷാമം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോന്‍ മിസ്രയീമ്യരോടൊക്കെയും: നിങ്ങള്‍ യോസേഫിന്‍റെ അടുക്കൽ ചെല്ലുവിന്‍; അവന്‍ നിങ്ങളോടു പറയുംപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
56ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകളൊക്കെയും തുറന്നു, മിസ്രയീമ്യര്‍ക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായിത്തീര്‍ന്നു.
57ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായിത്തീര്‍ന്നതുകൊണ്ട് സകല ദേശക്കാരും ധാന്യംകൊള്ളുവാന്‍ മിസ്രയീമിൽ യോസേഫിന്‍റെ അടുക്കൽ വന്നു.