പഴയ നിയമംMOV
1യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
2സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം;
3എന്നാൽ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.
4പാമ്പ് സ്ത്രീയോട്: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
5അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
6ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്‍മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു.
7ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്ക് അരയാട ഉണ്ടാക്കി.
8വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
9യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
10തോട്ടത്തിൽ നിന്‍റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവന്‍ പറഞ്ഞു.
11നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവന്‍ ചോദിച്ചു.
12അതിനു മനുഷ്യന്‍: എന്നോടുകൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
13യഹോവയായ ദൈവം സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
14യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്‍റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
15ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാൽ തകര്‍ക്കും.
16സ്ത്രീയോടു കല്പിച്ചത്: ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെ ആഗ്രഹം നിന്‍റെ ഭര്‍ത്താവിനോട് ആകും; അവന്‍ നിന്നെ ഭരിക്കും.
17മനുഷ്യനോടു കല്പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും.
18മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും.
19നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.
20മനുഷ്യന്‍ തന്‍റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവള്‍ ജീവനുള്ളവര്‍ക്കെല്ലാം മാതാവല്ലോ.
21യഹോവയായ ദൈവം ആദാമിനും അവന്‍റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
22യഹോവയായ ദൈവം: മനുഷ്യന്‍ നന്മ തിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈ നീട്ടി ജീവവൃക്ഷത്തിന്‍റെ ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാന്‍ സംഗതി വരരുത് എന്നു കല്പിച്ചു.
23അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദെന്‍തോട്ടത്തിൽനിന്നു പുറത്താക്കി.
24ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാന്‍ അവന്‍ ഏദെന്‍തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്‍റെ ജ്വാലയുമായി നിര്‍ത്തി.