പഴയ നിയമംMOV

ഉൽപത്തി 38

1അക്കാലത്ത് യെഹൂദാ തന്‍റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്‍റെ അടുക്കൽ ചെന്നു;

2അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്‍റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നു.

3അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഏര്‍ എന്നു പേരിട്ടു.

4അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഓനാന്‍ എന്നു പേരിട്ടു.

5അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബിൽ ആയിരുന്നു.

6യെഹൂദാ തന്‍റെ ആദ്യജാതനായ ഏരിനു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.

7യെഹൂദായുടെ ആദ്യജാതനായ ഏര്‍ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ മരിപ്പിച്ചു.

8അപ്പോള്‍ യെഹൂദാ ഓനാനോട്: നിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധര്‍മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്‍റെ പേര്‍ക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.

9എന്നാൽ ആ സന്തതി തന്‍റേതായിരിക്കയില്ല എന്ന് ഓനാന്‍ അറികകൊണ്ട് ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോള്‍ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിനു നിലത്തു വീഴ്ത്തിക്കളഞ്ഞു.

10അവന്‍ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് അവന്‍ ഇവനെയും മരിപ്പിച്ചു.

11അപ്പോള്‍ യെഹൂദാ തന്‍റെ മരുമകളായ താമാരോട്: എന്‍റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്‍റെ വീട്ടിൽ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്‍റെ വീട്ടിൽ പോയി പാര്‍ത്തു.

12കുറെക്കാലം കഴിഞ്ഞിട്ട് ശൂവയുടെ മകള്‍, യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവന്‍ തന്‍റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരായോടുകൂടെ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു പോയി.

13നിന്‍റെ അമ്മായപ്പന്‍ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു തിമ്നായ്ക്കു പോകുന്നു എന്നു താമാറിന് അറിവു കിട്ടി.

14ശേലാ പ്രാപ്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവള്‍ വൈധവ്യവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീം പട്ടണത്തിന്‍റെ ഗോപുരത്തിൽ ഇരുന്നു.

15യെഹൂദാ അവളെ കണ്ടപ്പോള്‍ അവള്‍ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു നിരൂപിച്ചു.

16അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞ് തന്‍റെ മരുമകള്‍ എന്ന് അറിയാതെ: വരിക, ഞാന്‍ നിന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്‍റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും എന്ന് അവള്‍ ചോദിച്ചു.

17ഞാന്‍ ആട്ടിന്‍കൂട്ടത്തിൽനിന്ന് ഒരു കോലാട്ടിന്‍കുട്ടിയെ നിനക്കു കൊടുത്തയയ്ക്കാം എന്ന് അവന്‍ പറഞ്ഞു. നീ കൊടുത്തയയ്ക്കുവോളത്തിന് ഒരു പണയം തരുമോ എന്ന് അവള്‍ ചോദിച്ചു.

18എന്തു പണയം തരേണം എന്ന് അവന്‍ ചോദിച്ചതിനു നിന്‍റെ മുദ്രമോതിരവും മോതിരച്ചരടും നിന്‍റെ കൈയിലെ വടിയും എന്ന് അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.

19പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്‍റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.

20സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്‍റെ കൈവശം ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു; അവന്‍ അവളെ കണ്ടില്ലതാനും.

21അവന്‍ ആ സ്ഥലത്തെ ആളുകളോട്: എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെയെന്നു ചോദിച്ചതിന്: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവര്‍ പറഞ്ഞു.

22അവന്‍ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: ഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു.

23അപ്പോള്‍ യെഹൂദാ: നമുക്ക് അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അത് എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.

24ഏകദേശം മൂന്നു മാസം കഴിഞ്ഞിട്ട്: നിന്‍റെ മരുമകള്‍ താമാര്‍ പരസംഗം ചെയ്തു, പരസംഗത്താൽ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദായ്ക്ക് അറിവു കിട്ടി. അപ്പോള്‍ യെഹൂദാ: അവളെ പുറത്തു കൊണ്ടുവരുവിന്‍; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.

25അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള്‍ അമ്മായപ്പന്‍റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുള്ളത് എന്നു നോക്കി അറിയേണം എന്നു പറയിച്ചു.

26യെഹൂദാ അവയെ അറിഞ്ഞു: അവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്‍റെ മകന്‍ ശേലാവിനു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.

27അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തിൽ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു.

28അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്‍റെ കൈക്കു കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.

29അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്‍റെ സഹോദരന്‍ പുറത്തു വന്നു: നീ ഛിദ്രം ഉണ്ടാക്കിയത് എന്ത് എന്ന് അവള്‍ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു.

30അതിന്‍റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്‍റെ സഹോദരന്‍ പുറത്തു വന്നു; അവനു സേരഹ് എന്നു പേരിട്ടു.