പഴയ നിയമംMOV

ഉൽപത്തി 37

1യാക്കോബ് തന്‍റെ പിതാവ് പരദേശിയായി പാര്‍ത്ത ദേശമായ കനാന്‍ദേശത്തു വസിച്ചു.

2യാക്കോബിന്‍റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിനു പതിനേഴു വയസ്സായപ്പോള്‍ അവന്‍ തന്‍റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്‍റെ അപ്പന്‍റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

3യോസേഫ് വാര്‍ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാ മക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.

4അപ്പന്‍ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്‍റെ സഹോദരന്മാര്‍ കണ്ടിട്ട് അവനെ പകച്ചു; അവനോടു സമാധാനമായി സംസാരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

5യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്‍റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവര്‍ അവനെ പിന്നെയും അധികം പകച്ചു.

6അവന്‍ അവരോടു പറഞ്ഞത്: ഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍.

7നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്‍റെ കറ്റ എഴുന്നേറ്റു നിവര്‍ന്നു നിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്ന് എന്‍റെ കറ്റയെ നമസ്കരിച്ചു.

8അവന്‍റെ സഹോദരന്മാര്‍ അവനോട്: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്‍റെ സ്വപ്നങ്ങള്‍ നിമിത്തവും അവന്‍റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

9അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്‍റെ സഹോദരന്മാരോട് അറിയിച്ചു: ഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

10അവന്‍ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ച് അവനോട്: നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്‍റെ അമ്മയും നിന്‍റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു.

11അവന്‍റെ സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സംഗ്രഹിച്ചു.

12അവന്‍റെ സഹോദരന്മാര്‍ അപ്പന്‍റെ ആടുകളെ മേയിപ്പാന്‍ ശെഖേമിൽ പോയിരുന്നു.

13യിസ്രായേൽ യോസേഫിനോട്: നിന്‍റെ സഹോദരന്മാര്‍ ശെഖേമിൽ ആടു മേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും എന്നു പറഞ്ഞതിന് അവന്‍ അവനോട്: ഞാന്‍ പോകാം എന്നു പറഞ്ഞു.

14അവന്‍ അവനോട്: നീ ചെന്നു നിന്‍റെ സഹോദരന്മാര്‍ക്ക് സുഖം തന്നെയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞ് ഹെബ്രോന്‍ താഴ്വരയിൽനിന്ന് അവനെ അയച്ചു; അവന്‍ ശെഖേമിൽ എത്തി.

15അവന്‍ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നത് ഒരുത്തന്‍ കണ്ടു: നീ എന്ത് അന്വേഷിക്കുന്നു എന്ന് അവനോടു ചോദിച്ചു.

16അതിന് അവന്‍: ഞാന്‍ എന്‍റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവര്‍ എവിടെ ആടു മേയിക്കുന്നു എന്ന് എന്നോട് അറിയിക്കേണമേ എന്നു പറഞ്ഞു.

17അവര്‍ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്ക് പോക എന്ന് അവര്‍ പറയുന്നതു ഞാന്‍ കേട്ടു എന്ന് അവന്‍ പറഞ്ഞു. അങ്ങനെ യോസേഫ് തന്‍റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.

18അവര്‍ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവന്‍ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു:

19അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളക;

20ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്‍റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

21രൂബേന്‍ അതു കേട്ടിട്ട്: നാം അവനു ജീവഹാനി വരുത്തരുത് എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു വിടുവിച്ചു.

22അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്‍റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേന്‍ അവരോട്: രക്തം ചൊരിയിക്കരുത്; നിങ്ങള്‍ അവന്‍റെമേൽ കൈവയ്ക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിന്‍ എന്നു പറഞ്ഞു.

23യോസേഫ് തന്‍റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോള്‍ അവന്‍ ഉടുത്തിരുന്ന നിലയങ്കി അവര്‍ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.

24അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.

25അവര്‍ ഭക്ഷണം കഴിപ്പാന്‍ ഇരുന്നപ്പോള്‍ തല പൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

26അപ്പോള്‍ യെഹൂദാ തന്‍റെ സഹോദരന്മാരോട്: നാം നമ്മുടെ സഹോദരനെ കൊന്ന് അവന്‍റെ രക്തം മറച്ചിട്ട് എന്ത് ഉപകാരം?

27വരുവിന്‍, നാം അവനെ യിശ്മായേല്യര്‍ക്കു വില്ക്കുക; നാം അവന്‍റെ മേൽ കൈ വയ്ക്കരുത്; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്‍റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.

28മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യര്‍ക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

29രൂബേന്‍ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോള്‍ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്‍റെ വസ്ത്രം കീറി,

30സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാന്‍ ഇനി എവിടെ പോകേണ്ടൂ എന്നു പറഞ്ഞു.

31പിന്നെ അവര്‍ ഒരു കോലാട്ടു കൊറ്റനെ കൊന്ന്, യോസേഫിന്‍റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.

32അവര്‍ നിലയങ്കി തങ്ങളുടെ അപ്പന്‍റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങള്‍ക്കു കണ്ടുകിട്ടി; ഇതു നിന്‍റെ മകന്‍റെ അങ്കിയോ അല്ലയോ എന്ന് നോക്കേണം എന്നു പറഞ്ഞു.

33അവന്‍ അതു തിരിച്ചറിഞ്ഞു: ഇത് എന്‍റെ മകന്‍റെ അങ്കി തന്നെ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.

34യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാള്‍ തന്‍റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.

35അവന്‍റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാന്‍ വന്നു; അവനോ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതെ: ഞാന്‍ ദുഃഖത്തോടെ എന്‍റെ മകന്‍റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്‍റെ അപ്പന്‍ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

36എന്നാൽ മിദ്യാന്യര്‍ അവനെ മിസ്രയീമിൽ ഫറവോന്‍റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫറിനു വിറ്റു.