പഴയ നിയമംMOV

ഉൽപത്തി 29

1പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്ത് എത്തി.

2അവന്‍ വെളിമ്പ്രദേശത്ത് ഒരു കിണറ് കണ്ടു. അതിനരികെ മൂന്ന് ആട്ടിന്‍കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിന്‍കൂട്ടങ്ങള്‍ക്കു വെള്ളം കൊടുക്കുന്നത്; എന്നാൽ കിണറ്റിന്‍റെ വായ്ക്കലുള്ള കല്ല് വലുതായിരുന്നു.

3ആ സ്ഥലത്തു കൂട്ടങ്ങളൊക്കെ കൂടുകയും അവര്‍ കിണറ്റിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി ആടുകള്‍ക്കു വെള്ളം കൊടുക്കയും കല്ല് കിണറ്റിന്‍റെ വായ്ക്കൽ അതിന്‍റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കയും ചെയ്യും.

4യാക്കോബ് അവരോട്: സഹോദരന്മാരേ, നിങ്ങള്‍ എവിടുത്തുകാര്‍ എന്നു ചോദിച്ചതിന്: ഞങ്ങള്‍ ഹാരാന്യര്‍ എന്ന് അവര്‍ പറഞ്ഞു.

5അവന്‍ അവരോട്: നിങ്ങള്‍ നാഹോരിന്‍റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്: അറിയും എന്ന് അവര്‍ പറഞ്ഞു.

6അവന്‍ അവരോട്: അവന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നെ; അവന്‍റെ മകള്‍ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്ന് അവര്‍ അവനോടു പറഞ്ഞു.

7പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകള്‍ക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിന്‍ എന്ന് അവന്‍ പറഞ്ഞതിന് അവര്‍:

8കൂട്ടങ്ങളൊക്കെയും കൂടുവോളം ഞങ്ങള്‍ക്കു വയ്യാ; അവര്‍ കിണറ്റിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.

9അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ റാഹേൽ തന്‍റെ അപ്പന്‍റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നത്.

10തന്‍റെ അമ്മയുടെ സഹോദരനായ ലാബാന്‍റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തുചെന്നു കിണറ്റിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകള്‍ക്കു വെള്ളം കൊടുത്തു.

11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

12താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു തന്‍റെ അപ്പനെ അറിയിച്ചു.

13ലാബാന്‍ തന്‍റെ സഹോദരിയുടെ മകനായ യാക്കോബിന്‍റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരമൊക്കെയും പറഞ്ഞു.

14ലാബാന്‍ അവനോട്: നീ എന്‍റെ അസ്ഥിയും മാംസവുംതന്നെ എന്നു പറഞ്ഞു. അവന്‍ ഒരു മാസക്കാലം അവന്‍റെ അടുക്കൽ പാര്‍ത്തു.

15പിന്നെ ലാബാന്‍ യാക്കോബിനോട്: നീ എന്‍റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.

16എന്നാൽ ലാബാന് രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു: മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേൽ എന്നും പേര്‍.

17ലേയായുടെ കണ്ണ് ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.

18യാക്കോബ് റാഹേലിനെ സ്നേഹിച്ചു: നിന്‍റെ ഇളയമകള്‍ റാഹേലിനുവേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.

19അതിനു ലാബാന്‍: ഞാന്‍ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലത്; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു.

20അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി.

21അനന്തരം യാക്കോബ് ലാബാനോട്: എന്‍റെ സമയം തികഞ്ഞിരിക്കയാൽ ഞാന്‍ എന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു.

22അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.

23എന്നാൽ രാത്രിയിൽ അവന്‍ തന്‍റെ മകള്‍ ലേയായെ കൂട്ടി അവന്‍റെ അടുക്കൽ കൊണ്ടുപോയി ആക്കി; അവന്‍ അവളുടെ അടുക്കൽ ചെന്നു.

24ലാബാന്‍ തന്‍റെ മകള്‍ ലേയായ്ക്ക് തന്‍റെ ദാസി സില്പായെ ദാസിയായി കൊടുത്തു.

25നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ട് അവന്‍ ലാബാനോട്: നീ എന്നോടു ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചത്? നീ എന്തിന് എന്നെ ചതിച്ചു എന്നു പറഞ്ഞു.

26അതിനു ലാബാന്‍: മൂത്തവള്‍ക്കു മുമ്പേ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.

27ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്‍റെ അടുക്കൽ ചെയ്യുന്ന സേവയ്ക്കുവേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.

28യാക്കോബ് അങ്ങനെതന്നെ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്‍റെ മകള്‍ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു.

29തന്‍റെ മകള്‍ റാഹേലിന് ലാബാന്‍ തന്‍റെ ദാസി ബിൽഹായെ ദാസിയായി കൊടുത്തു.

30അവന്‍ റാഹേലിന്‍റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാള്‍ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്‍റെ അടുക്കൽ സേവ ചെയ്തു.

31ലേയാ അനിഷ്ട എന്നു യഹോവ കണ്ടപ്പോള്‍ അവളുടെ ഗര്‍ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.

32ലേയാ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: യഹോവ എന്‍റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്‍റെ ഭര്‍ത്താവ് എന്നെ സ്നേഹിക്കും എന്നു പറഞ്ഞ് അവള്‍ അവനു രൂബേന്‍ എന്നു പേരിട്ടു.

33അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഞാന്‍ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞ് അവനു ശിമെയോന്‍ എന്നു പേരിട്ടു.

34അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഇപ്പോള്‍ ഈ സമയം എന്‍റെ ഭര്‍ത്താവ് എന്നോടു പറ്റിച്ചേരും; ഞാന്‍ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ട് അവള്‍ അവനു ലേവി എന്നു പേരിട്ടു.

35അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്ന് അവള്‍ പറഞ്ഞു; അതുകൊണ്ട് അവള്‍ അവനു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.