പഴയ നിയമംMOV
1ആ രണ്ടു ദൂതന്മാര്‍ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോം പട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റ് എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:
2യജമാനന്മാരേ, അടിയന്‍റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍; കാലത്ത് എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകുകയുമാവാം എന്നു പറഞ്ഞതിന്: അല്ല, ഞങ്ങള്‍ വീഥിയിൽ തന്നെ രാപാര്‍ക്കും എന്ന് അവര്‍ പറഞ്ഞു. അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു;
3അപ്പോള്‍ അവര്‍ അവന്‍റെ അടുക്കൽ തിരിഞ്ഞ് അവന്‍റെ വീട്ടിൽ ചെന്നു; അവന്‍ അവര്‍ക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു.
4അവര്‍ ഉറങ്ങുവാന്‍ പോകും മുമ്പേ സൊദോം പട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു.
5അവര്‍ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്‍റെ അടുക്കൽ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിനു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്ന് അവനോടു പറഞ്ഞു.
6ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതക് അടച്ചുംവച്ചു:
7സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.
8പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ട്; അവരെ ഞാന്‍ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവര്‍ എന്‍റെ വീട്ടിന്‍റെ നിഴലിൽ വന്നത് എന്നു പറഞ്ഞു.
9മാറിനില്ക്ക എന്ന് അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുന്നു; ന്യായം വിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാന്‍ അടുത്തു.
10അപ്പോള്‍ ആ പുരുഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടച്ചു,
11വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവര്‍ വാതിൽ തപ്പി നടന്നു വിഷമിച്ചു.
12ആ പുരുഷന്മാര്‍ ലോത്തിനോട്: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കൊള്‍ക;
13ഇവരെക്കുറിച്ചുള്ള ആവലാതി യഹോവയുടെ മുമ്പാകെ വലുതായിത്തീര്‍ന്നിരിക്കകൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
14അങ്ങനെ ലോത്ത് ചെന്നു തന്‍റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങള്‍ എഴുന്നേറ്റ് ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവന്‍ കളിപറയുന്നു എന്ന് അവന്‍റെ മരുമക്കള്‍ക്കു തോന്നി.
15ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്‍റെ അകൃത്യത്തിൽ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്‍റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
16അവന്‍ താമസിച്ചപ്പോള്‍, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാര്‍ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്‍റെ പുറത്തു കൊണ്ടുപോയി ആക്കി.
17അവരെ പുറത്തു കൊണ്ടുവന്നശേഷം അവന്‍: ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുത്; ഈ പ്രദേശത്തെങ്ങും നില്ക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വതത്തിലേക്ക് ഓടിപ്പോക എന്നു പറഞ്ഞു.
18ലോത്ത് അവരോടു പറഞ്ഞത്: അങ്ങനെയല്ല കര്‍ത്താവേ;
19നിനക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്‍റെ ജീവനെ രക്ഷിപ്പാന്‍ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്‍വതത്തിൽ ഓടി എത്തുവാന്‍ എനിക്ക് കഴികയില്ല; പക്ഷേ എനിക്ക് ദോഷം തട്ടി മരണം ഭവിക്കും.
20ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്ക് എനിക്ക് ഓടാം; അതു ചെറിയതുമാകുന്നു; ഞാന്‍ അവിടേക്ക് ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും.
21അവന്‍ അവനോട്: ഇക്കാര്യത്തിലും ഞാന്‍ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന്‍ മറിച്ചുകളകയില്ല.
22ബദ്ധപ്പെട്ട് അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്ക് ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാര്‍ എന്നു പേരായി.
23ലോത്ത് സോവാരിൽ കടന്നപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു.
24യഹോവ സൊദോമിന്‍റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.
25ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകല നിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.
26ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.
27അബ്രാഹാം രാവിലെ എഴുന്നേറ്റു താന്‍ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു,
28സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.
29എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോള്‍ ദൈവം അബ്രാഹാമിനെ ഓര്‍ത്തു. ലോത്ത് പാര്‍ത്ത പട്ടണങ്ങള്‍ക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
30അനന്തരം ലോത്ത് സോവാര്‍ വിട്ടുപോയി; അവനും അവന്‍റെ രണ്ടു പുത്രിമാരും പര്‍വതത്തിൽ ചെന്നു പാര്‍ത്തു; സോവാരിൽ പാര്‍പ്പാന്‍ അവന്‍ ഭയപ്പെട്ടു; അവനും അവന്‍റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാര്‍ത്തു.
31അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോട്: നമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാന്‍ ഭൂമിയിൽ ഒരു പുരുഷനുമില്ല.
32വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന് അവനെ വീഞ്ഞു കുടിപ്പിച്ച് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
33അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.
34പിറ്റന്നാള്‍ മൂത്തവള്‍ ഇളയവളോട്: ഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിനു നീയും അകത്തു ചെന്ന് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
35അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്ന് അവനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.
36ഇങ്ങനെ ലോത്തിന്‍റെ രണ്ടു പുത്രിമാരും അപ്പനാൽ ഗര്‍ഭം ധരിച്ചു.
37മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു; അവന്‍ ഇന്നുള്ള മോവാബ്യര്‍ക്കു പിതാവ്.
38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെന്‍-അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കു പിതാവ്.