പഴയ നിയമംMOV

ഉൽപത്തി 17

1അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: ഞാന്‍ സര്‍വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

2എനിക്കും നിനക്കും മധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ധിപ്പിക്കും എന്ന് അരുളിച്ചെയ്തു.

3അപ്പോള്‍ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ:

4എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികള്‍ക്കു പിതാവാകും;

5ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിയിരിക്കയാൽ നിന്‍റെ പേര്‍ അബ്രാഹാം എന്നിരിക്കേണം.

6ഞാന്‍ നിന്നെ അധികമധികമായി വര്‍ധിപ്പിച്ച്, അനേകജാതികളാക്കും; നിന്നിൽനിന്നു രാജാക്കന്മാരും ഉദ്ഭവിക്കും.

7ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാന്‍ എനിക്കും നിനക്കും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.

8ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും.

9ദൈവം പിന്നെയും അബ്രാഹാമിനോട് അരുളിച്ചെയ്തത്: നീയും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ നിയമം പ്രമാണിക്കേണം.

10എനിക്കും നിങ്ങള്‍ക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്‍റെ നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.

11നിങ്ങളുടെ അഗ്രചര്‍മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും.

12തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.

13നിന്‍റെ വീട്ടിൽ ജനിച്ച ദാസനും നീ വില കൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ കഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.

14അഗ്രചര്‍മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവന്‍ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നു.

15ദൈവം പിന്നെയും അബ്രാഹാമിനോട്: നിന്‍റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേര്‍ സാറാ എന്ന് ഇരിക്കേണം.

16ഞാന്‍ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളിൽനിന്ന് ഉദ്ഭവിക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു.

17അപ്പോള്‍ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവനു മകന്‍ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്‍റെ ഹൃദയത്തിൽ പറഞ്ഞു.

18യിശ്മായേൽ നിന്‍റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു.

19അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്‍റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാന്‍ അവനോടും അവന്‍റെ ശേഷം അവന്‍റെ സന്തതിയോടും എന്‍റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും.

20യിശ്മായേലിനെക്കുറിച്ചും ഞാന്‍ നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന്‍ അവനെ വലിയോരു ജാതിയാക്കും.

21എന്‍റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു.

22ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തുതീര്‍ന്നശേഷം അവനെ വിട്ടു കയറിപ്പോയി.

23അനന്തരം അബ്രാഹാം തന്‍റെ മകനായ യിശ്മായേലിനെയും തന്‍റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താന്‍ വിലയ്ക്കു വാങ്ങിയവരെയൊക്കെയും അബ്രാഹാമിന്‍റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചര്‍മത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു.

24അബ്രാഹാം പരിച്ഛേദനയേറ്റപ്പോള്‍ അവനു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.

25അവന്‍റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോള്‍ അവനു പതിമൂന്നു വയസ്സായിരുന്നു.

26അബ്രാഹാമും അവന്‍റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.

27വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോട് അവന്‍ വിലയ്ക്കു വാങ്ങിയവരുമായി അവന്‍റെ വീട്ടിലുള്ളവര്‍ എല്ലാവരും അവനോടു കൂടെ പരിച്ഛേദന ഏറ്റു.