പഴയ നിയമംMOV

ഉൽപത്തി 16

1അബ്രാമിന്‍റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.

2സാറായി അബ്രാമിനോട്: ഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്‍റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ. എന്‍റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.

3അബ്രാം കനാന്‍ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്‍റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്‍റെ ഭര്‍ത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.

4അവന്‍ ഹാഗാറിന്‍റെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള്‍ കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.

5അപ്പോള്‍ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാന്‍ എന്‍റെ ദാസിയെ നിന്‍റെ മാര്‍വിടത്തിൽ തന്നു; എന്നാൽ താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

6അബ്രാം സാറായിയോട്: നിന്‍റെ ദാസി നിന്‍റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ട് ഓടിപ്പോയി.

7പിന്നെ യഹോവയുടെ ദൂതന്‍ മരുഭൂമിയിൽ ഒരു നീരുറവിന്‍റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്‍റെ അരികെവച്ചുതന്നെ അവളെ കണ്ടു.

8സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവള്‍: ഞാന്‍ എന്‍റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.

9യഹോവയുടെ ദൂതന്‍ അവളോട്: നിന്‍റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.

10യഹോവയുടെ ദൂതന്‍ പിന്നെയും അവളോട്: ഞാന്‍ നിന്‍റെ സന്തതിയെ ഏറ്റവും വര്‍ധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

11നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്‍റെ സങ്കടം കേള്‍ക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേര്‍ വിളിക്കേണം;

12അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കും; അവന്‍റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവന്‍ തന്‍റെ സകല സഹോദരന്മാര്‍ക്കും എതിരേ പാര്‍ക്കും എന്ന് അരുളിച്ചെയ്തു.

13എന്നാറെ അവള്‍: എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേര്‍ വിളിച്ചു.

14അതുകൊണ്ട് ആ കിണറ്റിനു ബേര്‍-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു.

15പിന്നെ ഹാഗാര്‍ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാര്‍ പ്രസവിച്ച തന്‍റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.

16ഹാഗാര്‍ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്താറു വയസ്സായിരുന്നു.