പഴയ നിയമംMOV
1അതിന്‍റെശേഷം അബ്രാമിനു ദര്‍ശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.
2അതിന് അബ്രാം: കര്‍ത്താവായ യഹോവേ, നീ എനിക്ക് എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്‍റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു.
3നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്‍റെ വീട്ടിൽ ജനിച്ച ദാസന്‍ എന്‍റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.
4അവന്‍ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവന്‍തന്നെ നിന്‍റെ അവകാശിയാകും എന്ന് അവനു യഹോവയുടെ അരുളപ്പാടുണ്ടായി.
5പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്‍റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
6അവന്‍ യഹോവയിൽ വിശ്വസിച്ചു; അത് അവന്‍ അവനു നീതിയായി കണക്കിട്ടു.
7പിന്നെ അവനോട്: ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാന്‍ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാന്‍ ആകുന്നു എന്ന് അരുളിച്ചെയ്തു.
8കര്‍ത്താവായ യഹോവേ, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എന്തൊന്നിനാൽ അറിയാം എന്ന് അവന്‍ ചോദിച്ചു.
9അവന്‍ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന്‍കുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.
10ഇവയെയൊക്കെയും അവന്‍ കൊണ്ടുവന്ന് ഒത്ത നടുവേ പിളര്‍ന്നു ഭാഗങ്ങളെ നേര്‍ക്കുനേരേ വച്ചു; പക്ഷികളെയോ അവന്‍ പിളര്‍ന്നില്ല.
11ഉടലുകളിന്മേൽ റാഞ്ചന്‍പക്ഷികള്‍ ഇറങ്ങി വന്നപ്പോള്‍ അബ്രാം അവയെ ആട്ടിക്കളഞ്ഞു.
12സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്‍റെമേൽ വീണു.
13അപ്പോള്‍ അവന്‍ അബ്രാമിനോട്: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക.
14എന്നാൽ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്‍റെശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.
15നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ധക്യത്തിൽ അടക്കപ്പെടും.
16നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്ന് അരുളിച്ചെയ്തു.
17സൂര്യന്‍ അസ്തമിച്ച് ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവേ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.
18അന്ന് യഹോവ അബ്രാമിനോട് ഒരു നിയമം ചെയ്തു: നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത്നദിയായ
19മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനീസ്യര്‍, കദ്മോന്യര്‍,
20ഹിത്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍,
21അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു എന്ന് അരുളിച്ചെയ്തു.