പുതിയ നിയമംMOV

ഗലാത്യര്‍ 4

1അവകാശി സര്‍വത്തിനും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,

2പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്‍ക്കും ഗൃഹവിചാരകന്മാര്‍ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന്‍ പറയുന്നു.

3അതുപോലെ നാമും ശിശുക്കള്‍ ആയിരുന്നപ്പോള്‍ ലോകത്തിന്‍റെ ആദിപാഠങ്ങളിന്‍കീഴ് അടിമപ്പെട്ടിരുന്നു.

4എന്നാല്‍ കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത്

5അവന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വിലയ്ക്കു വാങ്ങിയിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ.

6നിങ്ങള്‍ മക്കള്‍ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.

7അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രേ; പുത്രനെങ്കിലോ ദൈവഹിതത്താല്‍ അവകാശിയും ആകുന്നു.

8എന്നാല്‍ അന്നു നിങ്ങള്‍ ദൈവത്തെ അറിയാതെ സ്വഭാവത്താല്‍ ദൈവങ്ങളല്ലാത്തവര്‍ക്ക് അടിമപ്പെട്ടിരുന്നു.

9ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞ് അവയ്ക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നത് എങ്ങനെ?

10നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.

11ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു.

12സഹോദരന്മാരേ, ഞാന്‍ നിങ്ങളെപ്പോലെ ആകയാല്‍ നിങ്ങളും എന്നെപ്പോലെ ആകുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങള്‍ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല.

13ഞാന്‍ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന്‍ സംഗതി വന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

14എന്‍റെ ശരീരസംബന്ധമായി നിങ്ങള്‍ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള്‍ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്ളുകയത്രേ ചെയ്തത്.

15നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില്‍ നിങ്ങളുടെ കണ്ണു ചൂന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നതിനു ഞാന്‍ സാക്ഷി.

16അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു ശത്രുവായിപ്പോയോ?

17അവര്‍ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിന് അവര്‍ നിങ്ങളെ പുറത്തിട്ട് അടച്ചുകളവാന്‍ ഇച്ഛിക്കയത്രേ ചെയ്യുന്നത്.

18ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നത് നന്ന്.

19ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം ഞാന്‍ പിന്നെയും പ്രസവവേദനപ്പെടുന്നവരായ

20എന്‍റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കല്‍ ഇരുന്ന് എന്‍റെ ശബ്ദം മാറ്റുവാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.

21ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ?

22എന്നോടു പറവിന്‍. അബ്രാഹാമിനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവന്‍, ഒരുവന്‍ സ്വതന്ത്ര പ്രസവിച്ചവന്‍ എന്ന് എഴുതിയിരിക്കുന്നുവല്ലോ.

23ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇതു സാദൃശ്യമാകുന്നു.

24ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായിമലയില്‍നിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗാര്‍.

25ഹാഗാര്‍ എന്നത് അറബിദേശത്തു സീനായിമലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അതു തന്‍റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നത്.

26മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവള്‍തന്നെ നമ്മുടെ അമ്മ.

27“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

28നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു.

29എന്നാല്‍ അന്നു ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു.

30തിരുവെഴുത്തോ എന്തു പറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.

31അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.