പുതിയ നിയമംMOV

ഗലാത്യര്‍ 3

1ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുമ്പില്‍ വരച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയത് ആര്‍?

2ഞാന്‍ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാന്‍ ഇച്ഛിക്കുന്നു; നിങ്ങള്‍ക്ക് ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ വിശ്വാസത്തിന്‍റെ പ്രസംഗം കേട്ടതിനാലോ?

3നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോള്‍ ജഡംകൊണ്ടോ സമാപിക്കുന്നത്?

4ഇത്ര എല്ലാം വെറുതേ അനുഭവിച്ചുവോ? വെറുതേ അത്രേ എന്നു വരികില്‍,

5എന്നാല്‍ നിങ്ങള്‍ക്ക് ആത്മാവിനെ നല്കി നിങ്ങളുടെ ഇടയില്‍ വീര്യപ്രവൃത്തികളെ ചെയ്യുന്നവന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ വിശ്വാസത്തിന്‍റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നത്?

6അബ്രാഹാം ദൈവത്തില്‍ വിശ്വസിച്ചു; അത് അവന്നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.

7അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്‍റെ മക്കള്‍ എന്ന് അറിവിന്‍.

8എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍കണ്ടിട്ട്: “നിന്നില്‍ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

9അങ്ങനെ വിശ്വാസികള്‍, വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

10എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്ന് എഴുതിയിരിക്കുന്നുവല്ലോ.

11എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നല്ലോ ഉള്ളത്.

12ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ.

13“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍നിന്നു നമ്മെ വിലയ്ക്കു വാങ്ങി.

14അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നെ.

15സഹോദരന്മാരേ, ഞാന്‍ മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്‍റെ നിയമം ആയാലും, അതിന് ഉറപ്പു വന്നശേഷം ആരും ദുര്‍ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.

16എന്നാല്‍ അബ്രാഹാമിനും അവന്‍റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്‍റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തു തന്നെ.

17ഞാന്‍ പറയുന്നതിന്‍റെ താല്‍പര്യമോ: നാനൂറ്റിമുപ്പത് ആണ്ടു കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാന്‍ തക്കവണ്ണം അതു ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുര്‍ബലമാക്കുന്നില്ല.

18അവകാശം ന്യായപ്രമാണത്താല്‍ എങ്കില്‍ വാഗ്ദത്തത്താലല്ല വരുന്നത്; അബ്രാഹാമിനോ ദൈവം അതിനെ വാഗ്ദത്തംമൂലം നല്കി.

19എന്നാല്‍ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മധ്യസ്ഥന്‍റെ കൈയില്‍ ഏല്പിച്ചതുമത്രേ.

20ഒരുത്തന്‍ മാത്രം എങ്കില്‍ മധ്യസ്ഥന്‍ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തന്‍ മാത്രം.

21എന്നാല്‍ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്‍ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന്‍ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്ക് ആധാരമാകുമായിരുന്നു.

22എങ്കിലും വിശ്വസിക്കുന്നവര്‍ക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ ലഭിക്കേണ്ടതിനു തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിന്‍ കീഴടച്ചുകളഞ്ഞു.

23വിശ്വാസം വരുംമുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായിക്കൊണ്ടു ന്യായപ്രമാണത്തിന്‍കീഴില്‍ അടച്ചു സൂക്ഷിച്ചിരുന്നു.

24അങ്ങനെ നാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്‍റെ അടുക്കലേക്കു നടത്തുവാന്‍ നമുക്കു ശിശുപാലകനായി ഭവിച്ചു.

25വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്‍റെ കീഴില്‍ അല്ല.

26ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.

27ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

28അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ.

29ക്രിസ്തുവിനുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.