പുതിയ നിയമംMOV

ഗലാത്യര്‍ 2

1പതിന്നാല് ആണ്ട് കഴിഞ്ഞിട്ടു ഞാന്‍ ബര്‍ന്നബാസുമായി തീത്തൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.

2ഞാന്‍ ഒരു വെളിപ്പാട് അനുസരിച്ചത്രേ പോയത്; ഞാന്‍ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാന്‍ ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം അവരോട്, വിശേഷാല്‍ പ്രമാണികളോടു വിവരിച്ചു.

3എന്‍റെകൂടെയുള്ള തീത്തൊസ് യവനന്‍ എങ്കിലും പരിച്ഛേദന ഏല്പാന്‍ അവനെ ആരും നിര്‍ബന്ധിച്ചില്ല.

4അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാര്‍ നിമിത്തമായിരുന്നു; അവര്‍ നമ്മെ അടിമപ്പെടുത്തേണ്ടതിനു ക്രിസ്തുയേശുവില്‍ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാന്‍ നുഴഞ്ഞുവന്നിരുന്നു.

5സുവിശേഷത്തിന്‍റെ സത്യം നിങ്ങളോടുകൂടെ നിലനില്ക്കേണ്ടതിനു ഞങ്ങള്‍ അവര്‍ക്ക് ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.

6പ്രമാണികളായവരോ അവര്‍ പണ്ട് എങ്ങനെയുള്ളവര്‍ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്‍റെ മുഖം നോക്കുന്നില്ല; പ്രമാണികള്‍ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല.

7നേരേ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിനോടുകൂടെ വ്യാപരിച്ചവന്‍ ജാതികള്‍ക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ട്

8പത്രൊസിനു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്ക് അഗ്രചര്‍മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും

9എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങള്‍ ജാതികളുടെ ഇടയിലും അവര്‍ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്‍ തക്കവണ്ണം എനിക്കും ബര്‍ന്നബാസിനും കൂട്ടായ്മയുടെ വലംകൈ തന്നു. ദരിദ്രരെ ഞങ്ങള്‍ ഓര്‍ത്തുകൊള്ളേണം എന്നു മാത്രം അവര്‍ പറഞ്ഞു;

10അങ്ങനെ ചെയ്‍വാന്‍ ഞാന്‍ ഉത്സാഹിച്ചുമിരിക്കുന്നു.

11എന്നാല്‍ കേഫാവ് അന്ത്യൊക്യയില്‍ വന്നാറെ അവനില്‍ കുറ്റം കാണുകയാല്‍ ഞാന്‍ അഭിമുഖമായി അവനോട് എതിര്‍ത്തുനിന്നു.

12യാക്കോബിന്‍റെ അടുക്കല്‍നിന്നു ചിലര്‍ വരുംമുമ്പേ അവന്‍ ജാതികളോടുകൂടെ തിന്നുപോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍വാങ്ങി പിരിഞ്ഞുനിന്നു.

13ശേഷം യെഹൂദന്മാരും അവനോടുകൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസും അവരുടെ കപടത്താല്‍ തെറ്റിപ്പോകുവാന്‍ ഇടവന്നു.

14അവര്‍ സുവിശേഷത്തിന്‍റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന്‍ എല്ലാവരും കേള്‍ക്കെ കേഫാവിനോടു പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില്‍ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന്‍ നിര്‍ബന്ധിക്കുന്നത് എന്ത്?

15നാം സ്വഭാവത്താല്‍ ജാതികളില്‍നിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രേ;

16എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നില്ല എന്ന് അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താല്‍തന്നെ നീതീകരിക്കപ്പെടേണ്ടതിനു ക്രിസ്തുയേശുവില്‍ വിശ്വസിച്ചു; ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.

17എന്നാല്‍ ക്രിസ്തുവില്‍ നീതീകരണം അന്വേഷിക്കയില്‍ നാമും പാപികള്‍ എന്നു വരുന്നു എങ്കില്‍ ക്രിസ്തു പാപത്തിന്‍റെ ശുശ്രൂഷക്കാരന്‍ എന്നോ? ഒരുനാളും അല്ല.

18ഞാന്‍ പൊളിച്ചതു വീണ്ടും പണിതാല്‍ ഞാന്‍ ലംഘനക്കാരന്‍ എന്ന് എന്നെത്തന്നെ തെളിയിക്കുന്നു.

19ഞാന്‍ ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്താല്‍ ന്യായപ്രമാണസംബന്ധമായി മരിച്ചു.

20ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.

21ഞാന്‍ ദൈവത്തിന്‍റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല്‍ നീതി വരുന്നു എങ്കില്‍ ക്രിസ്തു മരിച്ചത് വെറുതേയല്ലോ.