പുതിയ നിയമംMOV

ഗലാത്യര്‍ 1

1മനുഷ്യരില്‍നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൗലൊസും

2കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകള്‍ക്ക് എഴുതുന്നത്:

3പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്ര കാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍നിന്നു നമ്മെ വിടുവിക്കേണ്ടതിനു നമ്മുടെ പാപങ്ങള്‍ നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി

4നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

5അവന് എന്നെന്നേക്കും മഹത്ത്വം. ആമേന്‍.

6ക്രിസ്തുവിന്‍റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള്‍ ഇത്ര വേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാന്‍ ആശ്ചര്യപ്പെടുന്നു.

7അതു വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ.

8എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.

9ഞങ്ങള്‍ മുന്‍പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.

10ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്‍റെ ദാസനായിരിക്കയില്ല.

11സഹോദരന്മാരേ, ഞാന്‍ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓര്‍പ്പിക്കുന്നു.

12അതു ഞാന്‍ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്‍റെ വെളിപ്പാടിനാല്‍ അത്രേ പ്രാപിച്ചത്.

13യെഹൂദമതത്തിലെ എന്‍റെ മുമ്പിലത്തെ നടപ്പു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

14ഞാന്‍ ദൈവത്തിന്‍റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്‍റെ പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവേറി, എന്‍റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു.

15എങ്കിലും എന്‍റെ ജനനംമുതല്‍ എന്നെ വേര്‍തിരിച്ച് തന്‍റെ കൃപയാല്‍ വിളിച്ചിരിക്കുന്ന ദൈവം

16തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന് അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ ഞാന്‍ മാംസരക്തങ്ങളോട് ആലോചിക്കയോ,

17എനിക്കു മുമ്പേ അപ്പൊസ്തലന്മാരായവരുടെ അടുക്കല്‍ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരേ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.

18മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിനു യെരൂശലേമിലേക്കു പോയി പതിനഞ്ചു ദിവസം അവനോടുകൂടെ പാര്‍ത്തു.

19എന്നാല്‍ കര്‍ത്താവിന്‍റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരില്‍ വേറൊരുത്തനെയും കണ്ടില്ല.

20ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നതു ഭോഷ്കല്ല എന്നതിനു ദൈവം സാക്ഷി.

21പിന്നെ ഞാന്‍ സുറിയ, കിലിക്യ ദിക്കുകളിലേക്കു പോയി.

22യെഹൂദ്യയിലെ ക്രിസ്തുസഭകള്‍ക്കോ ഞാന്‍ മുഖപരിചയം ഇല്ലാത്തവന്‍ ആയിരുന്നു;

23മുമ്പേ നമ്മെ ഉപദ്രവിച്ചവന്‍ താന്‍ മുമ്പേ മുടിച്ച വിശ്വാസത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നു

24എന്നു മാത്രം അവര്‍ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്ത്വപ്പെടുത്തി.