പഴയ നിയമംMOV
1പ്രവാസികള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു മന്ദിരം പണിയുന്നു എന്നു യെഹൂദായുടെയും ബെന്യാമീന്‍റെയും വൈരികള്‍ കേട്ടപ്പോള്‍
2അവര്‍ സെരുബ്ബാബേലിന്‍റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്ന് അവരോട്: ഞങ്ങള്‍ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള്‍ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍രാജാവായ എസര്‍- ഹദ്ദോന്‍റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.
3അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട്: ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം പണിയുന്നതിൽ നിങ്ങള്‍ക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സിരാജാവായ കോരെശ്‍രാജാവ് ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
4ആകയാൽ ദേശനിവാസികള്‍ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചു.
5അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കേണ്ടതിന് അവര്‍ പാര്‍സിരാജാവായ കോരെശിന്‍റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്യാവേശിന്‍റെ വാഴ്ചവരെയും അവര്‍ക്കു വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
6അഹശ്വേരോശിന്‍റെ കാലത്ത്, അവന്‍റെ വാഴ്ചയുടെ ആരംഭത്തിൽത്തന്നെ, അവര്‍ യെഹൂദായിലെയും യെരൂശലേമിലെയും നിവാസികള്‍ക്ക് വിരോധമായി അന്യായപത്രം എഴുതി അയച്ചു.
7അര്‍ത്ഥഹ്ശഷ്ടാവിന്‍റെ കാലത്തു ബിശ്‍ലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന് ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിൽത്തന്നെ എഴുതിയിരുന്നു.
8ധര്‍മാധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിനു വിരോധമായി അര്‍ത്ഥഹ്ശഷ്ടാരാജാവിന് ഒരു പത്രിക എഴുതി അയച്ചു.
9ധര്‍മാധ്യക്ഷന്‍ രെഹൂമും രായസക്കാരന്‍ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍ എന്നിവരും
10മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍ പിടിച്ചു കൊണ്ടുവന്ന് ശമര്യപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാര്‍പ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത്യാദി.
11അവര്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകര്‍പ്പ് എന്തെന്നാൽ: നദിക്ക് ഇക്കരെയുള്ള നിന്‍റെ ദാസന്മാരായ പുരുഷന്മാര്‍ ഇത്യാദി രാജാവ് ബോധിപ്പാന്‍:
12തിരുമുമ്പിൽനിന്നു പുറപ്പെട്ട് ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാര്‍ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്‍റെ മതിലുകള്‍ കെട്ടുകയും അടിസ്ഥാനങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.
13പട്ടണം പണിത് മതിലുകള്‍ കെട്ടിത്തീര്‍ന്നാൽ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടയ്ക്കയില്ല; അങ്ങനെ ഒടുവിൽ അവര്‍ രാജാക്കന്മാര്‍ക്ക് നഷ്ടം വരുത്തും എന്നു രാജാവിനു ബോധിച്ചിരിക്കേണം.
14എന്നാൽ ഞങ്ങള്‍ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന് അപമാനം വരുന്നത് കണ്ടുകൊണ്ടിരിക്കുന്നത് ഞങ്ങള്‍ക്ക് ഉചിതമല്ലായ്കയാലും ഞങ്ങള്‍ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
15അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവര്‍ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്ന് അറിവാറാകും.
16ഈ പട്ടണം പണികയും അതിന്‍റെ മതിലുകള്‍ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടുത്തേക്ക് നദിക്ക് ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലന്ന് രാജാവിനെ ഉണര്‍ത്തിച്ചുകൊള്ളുന്നു.
17അതിനു രാജാവ് ധര്‍മാധ്യക്ഷനായ രെഹൂമിനും രായസക്കാരനായ ശിംശായിക്കും ശമര്യനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷം പേര്‍ക്കും മറുപടി എഴുതി അയച്ചത് എന്തെന്നാൽ: നിങ്ങള്‍ക്കു കുശലം ഇത്യാദി;
18നിങ്ങള്‍ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.
19നാം കല്പന കൊടുത്തിട്ട് അവര്‍ ശോധനചെയ്തു നോക്കിയപ്പോള്‍ ആ പട്ടണം പുരാതനമേ രാജാക്കന്മാരോട് എതിര്‍ത്തുനില്ക്കുന്നത് എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
20യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാര്‍ ഉണ്ടായിരുന്നു; അവര്‍ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണു, കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
21ആകയാൽ നാം മറ്റൊരു കല്പന അയയ്ക്കുന്നതുവരെ അവര്‍ പട്ടണം പണിയുന്നതു നിര്‍ത്തിവയ്ക്കേണ്ടതിന് ആജ്ഞാപിപ്പിന്‍.
22നിങ്ങള്‍ അതിൽ ഉപേക്ഷ ചെയ്യാതെ ജാഗ്രതയായിരിപ്പിന്‍; രാജാക്കന്മാര്‍ക്ക് നഷ്ടവും ഹാനിയും വരരുത്.
23അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ എഴുത്തിന്‍റെ പകര്‍പ്പ് രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ബലാൽക്കാരത്തോടെ അവരെ ഹേമിച്ച് പണി മുടക്കി.
24അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്‍റെ പണി മുടങ്ങി; പാര്‍സിരാജാവായ ദാര്യാവേശിന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.