പഴയ നിയമംMOV

എസ്രാ 1

1യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാട് നിവൃത്തിയാകേണ്ടതിനു പാര്‍സിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ യഹോവ പാര്‍സിരാജാവായ കോരെശിന്‍റെ മനസ്സിനെ ഉണര്‍ത്തീട്ട് അവന്‍ തന്‍റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ:

2പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വര്‍ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു.

3നിങ്ങളിൽ അവന്‍റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്‍റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവന്‍ യെഹൂദായിലെ യെരൂശലേമിലേക്കു യാത്ര പുറപ്പെട്ട് യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.

4ശേഷിച്ചിരിക്കുന്ന ഏവനും അവന്‍ പ്രവാസിയായി പാര്‍ക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികള്‍ പൊന്ന്, വെള്ളി, മറ്റു സാധനങ്ങള്‍, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകയ്ക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.

5അങ്ങനെ യെഹൂദായുടെയും ബെന്യാമീന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണര്‍ത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാന്‍ പോകേണ്ടതിന് യാത്ര പുറപ്പെട്ടു.

6അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍, പൊന്ന്, മറ്റു സാധനങ്ങള്‍, കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.

7നെബൂഖദ്നേസര്‍ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ്‍രാജാവ് പുറത്തേക്ക് എടുപ്പിച്ചു.

8പാര്‍സിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.

9അവയുടെ എണ്ണം ആവിത്: പൊന്‍താലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്,

10പൊന്‍പാത്രം മുപ്പത്, രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത്, മറ്റുള്ള ഉപകരണങ്ങള്‍ ആയിരം.

11പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ് ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോള്‍ ഇവയൊക്കെയും ശേശ്ബസ്സര്‍ കൊണ്ടുപോയി.