പഴയ നിയമംMOV
1അനന്തരം ഞാന്‍ കേള്‍ക്കെ അവന്‍ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്‍റെ സന്ദര്‍ശനങ്ങളെ അടുത്തു വരുമാറാക്കുവിന്‍; ഓരോരുത്തനും നാശകരമായ ആയുധം കൈയിൽ എടുക്കട്ടെ എന്നു കല്പിച്ചു.
2അപ്പോള്‍ ആറ് പുരുഷന്മാര്‍, ഓരോരുത്തനും വെണ്‍മഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്‍റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്‍റെ അരികെ നിന്നു.
3യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്‍റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവന്‍, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.
4അവനോടു യഹോവ: നീനഗരത്തിന്‍റെ നടുവിൽ, യെരൂശലേമിന്‍റെ നടുവിൽക്കൂടി ചെന്ന്, അതിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.
5മറ്റേവരോടു ഞാന്‍ കേള്‍ക്കെ അവന്‍: നിങ്ങള്‍ അവന്‍റെ പിന്നാലെ നഗരത്തിൽക്കൂടി ചെന്ന് വെട്ടുവിന്‍! നിങ്ങളുടെ കണ്ണിന് ആദരവു തോന്നരുത്; നിങ്ങള്‍ കരുണ കാണിക്കയുമരുത്.
6വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന്‍! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്‍റെ വിശുദ്ധമന്ദിരത്തിൽ തന്നെ തുടങ്ങുവിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ ആലയത്തിന്‍റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.
7അവന്‍ അവരോട്: നിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറപ്പിന്‍; പുറപ്പെടുവിന്‍ എന്നു കല്പിച്ചു. അങ്ങനെ അവര്‍ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.
8അവരെ കൊന്നുകളഞ്ഞ ശേഷം ഞാന്‍ മാത്രം ശേഷിച്ചു; ഞാന്‍ കവിണ്ണുവീണു; അയ്യോ, യഹോവയായ കര്‍ത്താവേ, യെരൂശലേമിന്മേൽ നിന്‍റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെയൊക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.
9അതിന് അവന്‍ എന്നോട്: യിസ്രായേൽഗൃഹത്തിന്‍റെയും യെഹൂദാഗൃഹത്തിന്‍റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്ന് അവര്‍ പറയുന്നുവല്ലോ.
10ഞാനോ എന്‍റെ കണ്ണിന് ആദരവു തോന്നാതെയും ഞാന്‍ കരുണ കാണിക്കാതെയും അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്ന് അരുളിച്ചെയ്തു.
11ശണവസ്ത്രം ധരിച്ച് അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷന്‍: എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.