പഴയ നിയമംMOV

യെഹെസ്കേൽ 8

1ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാന്‍ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍ എന്‍റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോള്‍ അവിടെ യഹോവയായ കര്‍ത്താവിന്‍റെ കൈ എന്‍റെമേൽ വന്നു.

2അപ്പോള്‍ ഞാന്‍ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപം കണ്ടു; അവന്‍റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വര്‍ണത്തിന്‍റെ പ്രഭപോലെയും ആയിരുന്നു.

3അവന്‍ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്‍റെയും മധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീക്ഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാബിംബത്തിന്‍റെ ഇരിപ്പിടം ഉണ്ടായിരുന്നു.

4അവിടെ ഞാന്‍ സമഭൂമിയിൽ കണ്ട ദര്‍ശനംപോലെ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വം ഉണ്ടായിരുന്നു.

5അവന്‍ എന്നോട്: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന്‍ തലപൊക്കി വടക്കോട്ട് നോക്കി; യാഗപീഠത്തിന്‍റെ വാതിലിനു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നെ, ആ തീക്ഷ്ണതാബിംബത്തെ കണ്ടു.

6അവന്‍ എന്നോട്: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നത്, ഞാന്‍ എന്‍റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിനു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകള്‍ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്ന് അരുളിച്ചെയ്തു.

7അവന്‍ എന്നെ പ്രാകാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുപോയി; ഞാന്‍ നോക്കിയപ്പോള്‍ ചുവരിൽ ഒരു ദ്വാരം കണ്ടു.

8അവന്‍ എന്നോട്: മനുഷ്യപുത്രാ, ചുവര്‍ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാന്‍ ചുവര്‍ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.

9അവന്‍ എന്നോട്: അകത്തു ചെന്ന്, അവര്‍ ഇവിടെ ചെയ്യുന്ന: വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.

10അങ്ങനെ ഞാന്‍ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്‍റെ സകല വിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.

11അവയുടെ മുമ്പിൽ യിസ്രായേൽഗൃഹത്തിന്‍റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്‍റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തന്‍ കൈയിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്‍റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.

12അപ്പോള്‍ അവന്‍ എന്നോട്: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്‍റെ മൂപ്പന്മാര്‍ ഇരുട്ടത്ത് ഓരോരുത്തന്‍ താന്താന്‍റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്ന് അവര്‍ പറയുന്നു എന്നരുളിച്ചെയ്തു.

13അവര്‍ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവന്‍ എന്നോട് അരുളിച്ചെയ്തു.

14അവന്‍ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്‍റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകള്‍ തമ്മൂസിനെക്കുറിച്ച് കരഞ്ഞുംകൊണ്ട് ഇരിക്കുന്നതു ഞാന്‍ കണ്ടു.

15അവന്‍ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്ന് അരുളിച്ചെയ്തു.

16അവന്‍ എന്നെ യഹോവയുടെ ആലയത്തിന്‍റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്‍റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും നടുവേ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാര്‍ തങ്ങളുടെ മുതുക് യഹോവയുടെ മന്ദിരത്തിന്‍റെ നേരേയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.

17അപ്പോള്‍ അവന്‍ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകള്‍ പോരാഞ്ഞിട്ടോ, അവര്‍ എന്നെ അധികമധികം കോപിപ്പിപ്പാന്‍ ദേശത്തെ സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവര്‍ ചുള്ളി മൂക്കിനു തൊടുവിക്കുന്നത്?

18ആകയാൽ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കും; എന്‍റെ കണ്ണ് ആദരിക്കയില്ല; ഞാന്‍ കരുണ കാണിക്കയുമില്ല; അവര്‍ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാന്‍ അപേക്ഷ കേള്‍ക്കയില്ല എന്ന് അരുളിച്ചെയ്തു.