പഴയ നിയമംMOV
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്‍റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
3ഇപ്പോള്‍ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാന്‍ എന്‍റെ കോപം നിന്‍റെമേൽ അയച്ച് നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്‍റെ സകല മ്ലേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.
4എന്‍റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്‍റെ മേച്ഛതകള്‍ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
5യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനര്‍ഥം ഒരു അനര്‍ഥം ഇതാ, വരുന്നു!
6അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്‍റെ നേരേ ഉണര്‍ന്നു വരുന്നു! ഇതാ, അതു വരുന്നു.
7ദേശനിവാസിയേ, ആപത്ത് നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളിൽ ആര്‍പ്പുവിളി; സന്തോഷത്തിന്‍റെ ആര്‍പ്പുവിളിയല്ല.
8ഇപ്പോള്‍ ഞാന്‍ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകര്‍ന്ന്, എന്‍റെ കോപം നിന്നിൽ നിവര്‍ത്തിക്കും; ഞാന്‍ നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായം വിധിച്ച് നിന്‍റെ സകല മ്ലേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.
9എന്‍റെ കണ്ണ് ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം ഞാന്‍ നിന്നോടു പകരം ചെയ്യും; നിന്‍റെ മ്ലേച്ഛതകള്‍ നിന്‍റെ നടുവിൽ വെളിപ്പെട്ടു വരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങള്‍ അറിയും.
10ഇതാ, നാള്‍; ഇതാ, അതു വരുന്നു; നിന്‍റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിര്‍ത്തിരിക്കുന്നു.
11സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.
12കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്‍റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവന്‍ സന്തോഷിക്കയും വില്ക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
13അവര്‍ ജീവിച്ചിരുന്നാലും വില്ക്കുന്നവന് വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്‍റെ സകല കോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
14അവര്‍ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്‍റെ ക്രോധം അതിന്‍റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാൽ ആരും യുദ്ധത്തിനു പോകുന്നില്ല.
15പുറത്തു വാള്‍, അകത്തു മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവന്‍ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.
16എന്നാൽ അവരിൽവച്ച് ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഓരോരുത്തനും താന്താന്‍റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.
17എല്ലാ കൈകളും തളരും; എല്ലാ മുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.
18അവര്‍ രട്ടുടുക്കും; ഭീതി അവരെ മൂടും; സകല മുഖങ്ങളിലും ലജ്ജയും എല്ലാ തലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
19അവര്‍ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവര്‍ക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാന്‍ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറ് നിറകയും ഇല്ല; അത് അവര്‍ക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.
20അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിനായി പ്രയോഗിച്ചു; അതുകൊണ്ട് അവര്‍ തങ്ങള്‍ക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാന്‍ അത് അവര്‍ക്കു മലമാക്കിയിരിക്കുന്നു.
21ഞാന്‍ അത് അന്യന്മാരുടെ കൈയിൽ കവര്‍ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കു കൊള്ളയായും കൊടുക്കും; അവര്‍ അത് അശുദ്ധമാക്കും.
22ഞാന്‍ എന്‍റെ മുഖം അവരിൽനിന്നു തിരിക്കും. അവര്‍ എന്‍റെ നിധിയെ അശുദ്ധമാക്കും; കവര്‍ച്ചക്കാര്‍ അതിനകത്തു കടന്ന് അതിനെ അശുദ്ധമാക്കും.
23ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.
24ഞാന്‍ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.
25നാശം വരുന്നു! അവര്‍ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.
26അപകടത്തിന്മേൽ അപകടവും ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര്‍ പ്രവാചകനോടു ദര്‍ശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്‍റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും പൊയ്പോകും.
27രാജാവ് ദുഃഖിക്കും; പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്‍റെ കൈകള്‍ വിറയ്ക്കും; ഞാന്‍ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്‍ക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.