പഴയ നിയമംMOV
1മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ളോരു വാള്‍ എടുത്തു ക്ഷൗരക്കത്തിയായി പ്രയോഗിച്ച് നിന്‍റെ തലയും താടിയും ക്ഷൗരം ചെയ്ക; പിന്നെ തുലാസ്സ് എടുത്തു രോമം തൂക്കി വിഭാഗിക്ക.
2നിരോധകാലം തികയുമ്പോള്‍ മൂന്നിൽ ഒന്ന് നീ നഗരത്തിന്‍റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്ന് എടുത്ത് അതിന്‍റെ ചുറ്റും വാള്‍കൊണ്ട് അടിക്കേണം; മൂന്നിൽ ഒന്ന് കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാന്‍ വാളൂരും.
3അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്‍റെ വസ്ത്രത്തിന്‍റെ കോന്തലയ്ക്കൽ കെട്ടേണം.
4ഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്ന് യിസ്രായേൽഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
5യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാന്‍ അതിനെ ജാതികളുടെ മധ്യേ വച്ചിരിക്കുന്നു; അതിനു ചുറ്റും രാജ്യങ്ങള്‍ ഉണ്ട്.
6അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാള്‍ എന്‍റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ എന്‍റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്‍റെ ന്യായങ്ങളെ അവര്‍ തള്ളിക്കളഞ്ഞു; എന്‍റെ ചട്ടങ്ങളെ അവര്‍ അനുസരിച്ചു നടന്നിട്ടുമില്ല.
7അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള്‍ അധികം മത്സരിച്ച്, എന്‍റെ ചട്ടങ്ങളെ അനുസരിച്ചു നടക്കാതെയും എന്‍റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ട്
8യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ നിനക്കു വിരോധമായിരിക്കുന്നു; ജാതികള്‍ കാണ്‍കെ ഞാന്‍ നിന്‍റെ നടുവിൽ ന്യായവിധികളെ നടത്തും.
9ഞാന്‍ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്‍റെ സകല മ്ലേച്ഛതകളും നിമിത്തം ഞാന്‍ നിന്നിൽ പ്രവര്‍ത്തിക്കും.
10ആകയാൽ നിന്‍റെ മധ്യേ അപ്പന്മാര്‍ മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെയൊക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
11അതുകൊണ്ടു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നത്: നിന്‍റെ എല്ലാ വെറുപ്പുകളാലും സകല മ്ലേച്ഛതകളാലും എന്‍റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ട്, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്‍റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാന്‍ കരുണ കാണിക്കയുമില്ല.
12നിന്നിൽ മൂന്നിൽ ഒന്ന് മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവര്‍ നിന്‍റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്‍റെ ചുറ്റും വാള്‍കൊണ്ടു വീഴും; മൂന്നിൽ ഒന്ന് ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
13അങ്ങനെ എന്‍റെ കോപത്തിനു നിവൃത്തിവരും; ഞാന്‍ അവരോട് എന്‍റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്‍റെ ക്രോധം അവരിൽ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്‍റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്ന് അവര്‍ അറിയും.
14വഴി പോകുന്നവരൊക്കെയും കാണ്‍കെ ഞാന്‍ നിന്നെ നിന്‍റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
15ഞാന്‍ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടുംകൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോള്‍ നീ നിന്‍റെ ചുറ്റുമുള്ള ജാതികള്‍ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.
16നിങ്ങളെ നശിപ്പിക്കേണ്ടതിന് ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങള്‍ ഞാന്‍ എയ്യുമ്പോള്‍, നിങ്ങള്‍ക്ക് ക്ഷാമം വര്‍ധിപ്പിച്ച് നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.
17നിന്നെ മക്കളില്ലാതെയാക്കേണ്ടതിന് ഞാന്‍ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാന്‍ വാളും നിന്‍റെ നേരേ വരുത്തും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.