പഴയ നിയമംMOV
1അവന് എന്നെ ആലയത്തിന്‍റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോള്‍ ആലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാന്‍ കണ്ടു. ആലയത്തിന്‍റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്‍റെ വലത്തു ഭാഗത്തു കീഴെനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
2അവന്‍ വടക്കോട്ടുള്ള ഗോപുരത്തിൽ കൂടി എന്നെ പുറത്തു കൊണ്ടു ചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാന്‍ കണ്ടു.
3ആ പുരുഷന്‍ കൈയിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
4അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
5അവന്‍ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാന്‍ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നു.
6അവന്‍ എന്നോട്: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവന്‍ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
7ഞാന്‍ മടങ്ങിച്ചെന്നപ്പോള്‍ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.
8അപ്പോള്‍ അവന്‍ എന്നോട് അരുളിച്ചെയ്തത്: ഈ വെള്ളം കിഴക്കേ ഗലീലയിലേക്കു പുറപ്പെട്ട് അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ട് അതിലെ വെള്ളം പഥ്യമായിത്തീരും.
9എന്നാൽ ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും ചലിക്കുന്ന സകല പ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട് ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും അതു പഥ്യമായിത്തീര്‍ന്നിട്ട് സകലവും ജീവിക്കും.
10അതിന്‍റെ കരയിൽ ഏന്‍-ഗതി മുതൽ ഏന്‍-എഗ്ലയീംവരെ മീന്‍പിടിക്കാര്‍ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ജാതിയായി അസംഖ്യമായിരിക്കും.
11എന്നാൽ അതിന്‍റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പഥ്യമായിവരാതെ ഉപ്പുപടനയ്ക്കായി വിട്ടേക്കും.
12നദീതീരത്ത് ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെ പോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായിക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സയ്ക്കും ഉതകും.
13യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ദേശത്തെ യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിര്‍ വിവരം: യോസേഫിനു രണ്ടു പങ്ക് ഇരിക്കേണം.
14നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭേദംകൂടാതെ അത് അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്‍ക്ക് അവകാശമായി വരും.
15ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്‍ലോന്‍ വഴിയായി സെദാദ്‍വരെയും
16ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്‍റെ അതിരിനും ഹമാത്തിന്‍റെ അതിരിനും ഇടയിലുള്ള സിബ്രയീമും ഹൌറാന്‍റെ അതിരിങ്കലുള്ള നടുഹാസേരും
17ഇങ്ങനെ അതിര്‍ സമുദ്രംമുതൽ ദമ്മേശെക്കിന്‍റെ അതിരിങ്കലും ഹസര്‍-ഏനാന്‍വരെ വടക്കേ ഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്‍റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
18കിഴക്കുഭാഗമോ ഹൌറാന്‍, ദമ്മേശെക്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോര്‍ദ്ദാന്‍ ആയിരിക്കേണം; വടക്കേ അതിര്‍മുതൽ കിഴക്കേ കടൽവരെ നിങ്ങള്‍ അളക്കേണം; അതു കിഴക്കേഭാഗം.
19തെക്കുഭാഗമോ തെക്കോട്ടു താമാര്‍മുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
20പടിഞ്ഞാറുഭാഗമോ: തെക്കേ അതിര്‍മുതൽ ഹമാത്തിലേക്കുള്ള തിരിവിന്‍റെ അറ്റം വരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറേഭാഗം.
21ഇങ്ങനെ നിങ്ങള്‍ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങള്‍ക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
22നിങ്ങള്‍ അതിനെ നിങ്ങള്‍ക്കും നിങ്ങളുടെ ഇടയിൽ വന്നുപാര്‍ക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികള്‍ക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവര്‍ നിങ്ങള്‍ക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവര്‍ക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.
23പരദേശി വന്നു പാര്‍ക്കുന്ന ഗോത്രത്തിൽ തന്നെ നിങ്ങള്‍ അവന് അവകാശം കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.