പഴയ നിയമംMOV

യെഹെസ്കേൽ 44

1അനന്തരം അവന്‍ എന്നെ വിശുദ്ധമന്ദിരത്തിന്‍റെ കിഴക്കോട്ടു ദര്‍ശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അത് അടച്ചിരുന്നു.

2അപ്പോള്‍ യഹോവ എന്നോട് അരുളിച്ചെയ്തത്: ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കേണം; ആരും അതിൽക്കൂടി കടക്കരുത്; യിസ്രായേലിന്‍റെ ദൈവമായ യഹോവ അതിൽക്കൂടി അകത്തു കടന്നതുകൊണ്ട് അത് അടച്ചിരിക്കേണം.

3പ്രഭുവോ അവന്‍ പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയിൽ ഭോജനം കഴിപ്പാന്‍ അവിടെ ഇരിക്കേണം; അവന്‍ ആ ഗോപുരത്തിന്‍റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതിൽക്കൂടി പുറത്തു പോകയും വേണം.

4പിന്നെ അവന്‍ എന്നെ വടക്കേ ഗോപുരം വഴിയായി ആലയത്തിന്‍റെ മുമ്പിൽ കൊണ്ടുചെന്നു; ഞാന്‍ നോക്കി, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.

5അപ്പോള്‍ യഹോവ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്‍റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേള്‍ക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊള്‍ക.

6യിസ്രായേൽഗൃഹക്കാരായ മത്സരികളോടു നീ പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും മതിയാക്കുവിന്‍.

7നിങ്ങള്‍ എന്‍റെ ആഹാരമായ മേദസ്സും രക്തവും അര്‍പ്പിക്കുമ്പോള്‍, എന്‍റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങള്‍ ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മികളായ അന്യജാതിക്കാരെ എന്‍റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാന്‍ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ലേച്ഛതകള്‍ക്കും പുറമേ നിങ്ങള്‍ എന്‍റെ നിയമവും ലംഘിച്ചിരിക്കുന്നു.

8നിങ്ങള്‍ എന്‍റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്‍റെ വിശുദ്ധമന്ദിരത്തിൽ കാര്യവിചാരണയ്ക്ക് ആക്കിയിരിക്കുന്നു.

9യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മിയായ യാതൊരു അന്യജാതിക്കാരനും തന്നെ, എന്‍റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.

10യിസ്രായേൽ തെറ്റിപ്പോയ കാലത്ത് എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായ ലേവ്യര്‍ തന്നെ തങ്ങളുടെ അകൃത്യം വഹിക്കേണം.

11അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്‍റെ പടിവാതിൽക്കൽ എല്ലാം ശുശ്രൂഷകന്മാരായി കാവൽനിന്ന് ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവര്‍ ജനത്തിനുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്ത് അവര്‍ക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ മുമ്പിൽ നില്ക്കേണം.

12അവര്‍ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷ ചെയ്ത്, യിസ്രായേൽഗൃഹത്തിന് അകൃത്യഹേതുവായിത്തീര്‍ന്നതുകൊണ്ട് ഞാന്‍ അവര്‍ക്കു വിരോധമായി കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കുന്നു; അവര്‍ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

13അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്‍റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോട് അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങള്‍ ചെയ്ത മ്ലേച്ഛതകളും വഹിക്കേണം.

14എന്നാൽ ആലയത്തിന്‍റെ എല്ലാ വേലയ്ക്കും അതിൽ ചെയ്‍വാനുള്ള എല്ലാറ്റിനും ഞാന്‍ അവരെ അതിൽ കാര്യവിചാരകന്മാരാക്കി വയ്ക്കും.

15യിസ്രായേൽമക്കള്‍ എന്നെ വിട്ട് തെറ്റിപ്പോയ കാലത്ത് എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്‍റെ പുത്രന്മാരായ ലേവ്യാപുരോഹിതന്മാര്‍ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരികയും മേദസ്സും രക്തവും എനിക്ക് അര്‍പ്പിക്കേണ്ടതിന് എന്‍റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

16അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തിൽ കടന്ന് എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്‍റെ മേശയുടെ അടുക്കൽ വരികയും എന്‍റെ കാര്യവിചാരണ നടത്തുകയും വേണം.

17എന്നാൽ അകത്തെ പ്രാകാരത്തിന്‍റെ വാതിലുകള്‍ക്കകത്തു കടക്കുമ്പോള്‍ അവര്‍ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്‍റെ വാതിൽക്കലും ആലയത്തിനകത്തും ശുശ്രൂഷചെയ്യുമ്പോള്‍ ആട്ടിന്‍രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുത്.

18അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയര്‍പ്പുണ്ടാകുന്ന യാതൊന്നും അവര്‍ ധരിക്കരുത്.

19അവര്‍ പുറത്തെ പ്രാകാരത്തിലേക്ക്, പുറത്തെ പ്രാകാരത്തിൽ ജനത്തിന്‍റെ അടുക്കലേക്കു തന്നെ, ചെല്ലുമ്പോള്‍ തങ്ങളുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന് തങ്ങള്‍ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വച്ചിട്ട് വേറേ വസ്ത്രം ധരിക്കേണം.

20അവര്‍ തല ക്ഷൗരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവൂ.

21യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്.

22വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവര്‍ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്‍റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.

23അവര്‍ വിശുദ്ധമായതിനും സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്‍റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിര്‍മ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.

24വ്യവഹാരത്തിൽ അവര്‍ ന്യായം വിധിപ്പാന്‍ നില്ക്കേണം; എന്‍റെ വിധികളെ അനുസരിച്ച് അവര്‍ ന്യായം വിധിക്കേണം; അവര്‍ ഉത്സവങ്ങളിലൊക്കെയും എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.

25അവര്‍ മരിച്ച ആളുടെ അടുക്കൽ ചെന്ന് അശുദ്ധരാകരുത്; എങ്കിലും അപ്പന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, ഭര്‍ത്താവില്ലാത്ത സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.

26അവന്‍റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.

27വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യേണ്ടതിന് അവന്‍ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവന്‍ പാപയാഗം അര്‍പ്പിക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

28അവരുടെ അവകാശമോ, ഞാന്‍ തന്നേ അവരുടെ അവകാശം; നിങ്ങള്‍ അവര്‍ക്കു യിസ്രായേലിൽ സ്വത്ത് ഒന്നും കൊടുക്കരുത്; ഞാന്‍ തന്നേ അവരുടെ സ്വത്താകുന്നു.

29അവര്‍ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ട് ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവര്‍ക്കുള്ളതായിരിക്കേണം.

30സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാര്‍ക്കുള്ളതായിരിക്കേണം; നിന്‍റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിനു നിങ്ങളുടെ തരിമാവിന്‍റെ ആദ്യഭാഗവും പുരോഹിതനു കൊടുക്കേണം.

31താനേ ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതന്‍ തിന്നരുത്.