പഴയ നിയമംMOV
1ഞങ്ങളുടെ പ്രവാസത്തിന്‍റെ ഇരുപത്തഞ്ചാം ആണ്ടിന്‍റെ ആരംഭത്തിങ്കൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്‍റെ പതിന്നാലാം ആണ്ടിൽ, അന്നേ തീയതി തന്നെ യഹോവയുടെ കൈ എന്‍റെമേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
2ദിവ്യദര്‍ശനങ്ങളിൽ അവന്‍ എന്നെ യിസ്രായേൽദേശത്തുകൊണ്ടുചെന്ന് ഏറ്റവും ഉയര്‍ന്ന ഒരു പര്‍വതത്തിന്മേൽ നിറുത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്‍റെ രൂപംപോലെ ഒന്നു കാണ്‍മാനുണ്ടായിരുന്നു.
3അവന്‍ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്‍റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍ പടിവാതിൽക്കൽ നിന്നു.
4ആ പുരുഷന്‍ എന്നോട്: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന്‍ നിന്നെ കാണിപ്പാന്‍ പോകുന്ന എല്ലാറ്റിലും ശ്രദ്ധവയ്ക്ക; ഞാന്‍ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോട് അറിയിക്ക എന്നു കല്പിച്ചു.
5എന്നാൽ ആലയത്തിനു പുറമേ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്‍റെ കൈയിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവന്‍ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്;
6പിന്നെ അവന്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിങ്കൽ ചെന്ന് അതിന്‍റെ പതനങ്ങളിൽ കയറി ഗോപുരത്തിന്‍റെ ഉമ്മരപ്പടി അളന്നു; അതിന്‍റെ വീതി ഒരു ദണ്ഡ്; മറ്റേ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്,
7ഓരോ മാടത്തിനും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങള്‍ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്‍റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്‍റെ പൂമുഖത്തിനരികെ ഒരു ദണ്ഡായിരുന്നു.
8അവന്‍ ഗോപുരത്തിന്‍റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡ്.
9അവന്‍ ഗോപുരത്തിന്‍റെ പൂമുഖം അളന്നു; അത് എട്ടു മുഴവും അതിന്‍റെ കട്ടിളക്കാലുകള്‍ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്‍റെ പൂമുഖം അകത്തോട്ടായിരുന്നു.
10കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടിളക്കാലുകള്‍ക്ക് ഒരേ അളവും ആയിരുന്നു.
11അവന്‍ ഗോപുരപ്രവേശനത്തിന്‍റെ വീതി അളന്നു: പത്തു മുഴം; ഗോപുരത്തിന്‍റെ നീളം അളന്നു: പതിമ്മൂന്നു മുഴം.
12മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും അപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
13അവന്‍ ഒരു മാടത്തിന്‍റെ മേല്പുരമുതൽ മറ്റേതിന്‍റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.
14അവന്‍ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്‍റെ മാടങ്ങള്‍ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
15പ്രവേശനവാതിലിന്‍റെ മുന്‍ഭാഗം തുടങ്ങി അകത്തെ വാതിൽക്കലെ പൂമുഖത്തിന്‍റെ മുന്‍ഭാഗംവരെ അമ്പതു മുഴമായിരുന്നു.
16ഗോപുരത്തിനും പൂമുഖത്തിനും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങള്‍ ഉണ്ടായിരുന്നു; ആ ജാലകങ്ങള്‍ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
17പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിനു ചുറ്റും മണ്ഡപങ്ങളും ഓരോ കല്ത്തളവും ഉണ്ടായിരുന്നു; കല്ത്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
18കല്ത്തളം ഗോപുരങ്ങളുടെ നീളത്തിന് ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്‍ശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്ത്തളം.
19പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്‍റെ മുന്‍ഭാഗംമുതൽ അകത്തെ പ്രാകാരത്തിന്‍റെ പുറത്തെ മുന്‍ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറു മുഴം വീതമായിരുന്നു.
20വടക്കോട്ടു ദര്‍ശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്‍റെ നീളവും വീതിയും അവന്‍ അളന്നു.
21അതിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്‍റെ അളവുപോലെ ആയിരുന്നു; അതിന്‍റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
22അതിന്‍റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്‍റെ പൂമുഖം അതിന്‍റെ അകത്തു ഭാഗത്തായിരുന്നു.
23അകത്തെ പ്രാകാരത്തിനു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിനു നേരേ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതൽ മറ്റേ ഗോപുരംവരെ അവന്‍ അളന്നു: നൂറു മുഴം.
24പിന്നെ അവന്‍ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്‍റെ ഇടത്തൂണുകളും പൂമുഖവും അവന്‍ ഈ അളവുപോലെ തന്നെ അളന്നു.
25ആ ജാലകങ്ങള്‍പോലെ ഇതിനും അതിന്‍റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു;
26അതിലേക്കു കയറുവാന്‍ ഏഴു പതനം ഉണ്ടായിരുന്നു; അതിന്‍റെ പൂമുഖം അതിന്‍റെ അകത്തുഭാഗത്തായിരുന്നു; അതിന് അതിന്‍റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകള്‍, ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
27അകത്തെ പ്രാകാരത്തിനു തെക്കോട്ട് ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ട് ഒരു ഗോപുരംമുതൽ മറ്റേ ഗോപുരംവരെ അവന്‍ അളന്നു: നൂറു മുഴം.
28പിന്നെ അവന്‍ തെക്കേ ഗോപുരത്തിൽക്കൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവന്‍ തെക്കേ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു.
29അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്‍റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
30പൂമുഖങ്ങള്‍ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഉള്ളവയായിരുന്നു.
31അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിന്‍റെ നേരേ ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.
32പിന്നെ അവന്‍ എന്നെ കിഴക്ക് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവന്‍ ഗോപുരത്തെ ഈ അളവുപോലെ തന്നെ അളന്നു.
33അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്‍റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
34അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.
35പിന്നെ അവന്‍ എന്നെ വടക്കേ ഗോപുരത്തിലേക്കു കൊണ്ടുചെന്ന്, ഈ അളവുപോലെ തന്നെ അതും അളന്നു.
36അവന്‍ അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിനു ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതിന്‍റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
37അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.
38അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്‍റെ പൂമുഖത്തിൽക്കൂടി ആയിരുന്നു; അവിടെ അവര്‍ ഹോമയാഗം കഴുകും.
39ഗോപുരത്തിന്‍റെ പൂമുഖത്ത് ഇപ്പുറത്ത് രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെമേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
40ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോള്‍ പുറമേ വടക്കുവശത്തു രണ്ടു മേശയും പൂമുഖത്തിന്‍റെ മറുവശത്തു രണ്ടു മേശയും ഉണ്ടായിരുന്നു.
41ഗോപുരത്തിന്‍റെ പാര്‍ശ്വഭാഗത്ത് ഇപ്പുറത്ത് നാലും അപ്പുറത്തു നാലും ഇങ്ങനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെമേൽ അവര്‍ യാഗങ്ങളെ അറുക്കും.
42ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെമേൽ അവര്‍ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ വയ്ക്കും.
43അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകള്‍ തറച്ചിരുന്നു; എന്നാൽ മേശകളുടെമേൽ നിവേദിതമാംസം വയ്ക്കും.
44അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കേ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കേ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.
45അവന്‍ എന്നോടു കല്പിച്ചത്: തെക്കോട്ടു ദര്‍ശനമുള്ള ഈ മണ്ഡപം ആലയത്തിന്‍റെ വിചാരകരായ പുരോഹിതന്മാര്‍ക്കുള്ളത്.
46വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്‍റെ വിചാരകരായ പുരോഹിതന്മാര്‍ക്കുള്ളത്; ഇവര്‍ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്‍റെ പുത്രന്മാരാകുന്നു.
47അവന്‍ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്‍റെ മുന്‍വശത്തായിരുന്നു.
48പിന്നെ അവന്‍ എന്നെ ആലയത്തിന്‍റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്‍റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളത് അഞ്ചു മുഴം; അപ്പുറത്തുള്ളത് അഞ്ച് മുഴം; മുറിച്ചുവരിന്‍റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
49പൂമുഖത്തിന്‍റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്ത്, മുറിച്ചുവരുകള്‍ക്കരികെ ഇപ്പുറത്ത് ഒന്നും അപ്പുറത്ത് ഒന്നുമായി തൂണുകള്‍ ഉണ്ടായിരുന്നു.