പഴയ നിയമംMOV

യെഹെസ്കേൽ 3

1അവന്‍ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുള്‍ തിന്നിട്ടു ചെന്ന് യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.

2ഞാന്‍ വായ് തുറന്നു, അവന്‍ ആ ചുരുള്‍ എനിക്കു തിന്മാന്‍ തന്നു.

3എന്നോട്: മനുഷ്യപുത്രാ, ഞാന്‍ നിനക്കു തരുന്ന ഈ ചുരുള്‍ നീ വയറ്റിൽ ആക്കി ഉദരം നിറയ്ക്ക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ അതു തിന്നു; അതു വായിൽ തേന്‍പോലെ മധുരമായിരുന്നു.

4പിന്നെ അവന്‍ എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്‍റെ അടുക്കൽ ചെന്ന് എന്‍റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.

5അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതികളുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്‍റെ അടുക്കലത്രേ നിന്നെ അയയ്ക്കുന്നത്;

6അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചു കൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാന്‍ നിന്നെ അയച്ചെങ്കിൽ അവര്‍ നിന്‍റെ വാക്കു കേള്‍ക്കുമായിരുന്നു.

7യിസ്രായേൽഗൃഹമോ നിന്‍റെ വാക്കു കേള്‍ക്കയില്ല; എന്‍റെ വാക്കു കേള്‍പ്പാന്‍ അവര്‍ക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രേ.

8എന്നാൽ ഞാന്‍ നിന്‍റെമുഖം അവരുടെ മുഖത്തിനു നേരേ കഠിനവും നിന്‍റെ നെറ്റി അവരുടെ നെറ്റിക്കു നേരേ കടുപ്പവും ആക്കിയിരിക്കുന്നു.

9ഞാന്‍ നിന്‍റെ നെറ്റി തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവര്‍ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുത്; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുത്.

10അവന്‍ പിന്നെയും എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, ഞാന്‍ നിന്നോടുസംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊള്‍ക.

11നീ നിന്‍റെ ജനത്തിന്‍പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്ന്, അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും അവരോടു സംസാരിച്ച്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് പറക.

12അപ്പോള്‍ ആത്മാവ് എന്നെ എടുത്തു: യഹോവയുടെ മഹത്ത്വം സ്വസ്ഥലത്തുനിന്ന് അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്‍റെ പിറകിൽ കേട്ടു.

13ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരച്ചിലും വലിയ മുഴക്കമുള്ളൊരു ശബ്ദവും ഞാന്‍ കേട്ടു.

14ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്‍റെ ഉഷ്ണത്തോടുംകൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്‍റെമേൽ ഉണ്ടായിരുന്നു.

15അങ്ങനെ ഞാന്‍ കെബാര്‍നദീതീരത്തു പാര്‍ത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവര്‍ പാര്‍ത്തേടത്തു തന്നെ എത്തി, അവരുടെ മധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തു.

16ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:

17മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്‍റെ വായിൽനിന്നു വചനം കേട്ട് എന്‍റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.

18ഞാന്‍ ദുഷ്ടനോട്: നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ നീ അവനെ ഓര്‍പ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന് അവന്‍ തന്‍റെ ദുര്‍മാര്‍ഗം വിടുവാന്‍ അവനെ ഓര്‍പ്പിച്ചു കൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടന്‍ തന്‍റെ അകൃത്യത്തിൽ മരിക്കും; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.

19എന്നാൽ നീ ദുഷ്ടനെ ഓര്‍പ്പിച്ചിട്ടും അവന്‍ തന്‍റെ ദുഷ്ടതയും ദുര്‍മാര്‍ഗവും വിട്ടുതിരിയുന്നില്ലങ്കിൽ അവന്‍ തന്‍റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

20അഥവാ, നീതിമാന്‍ തന്‍റെ നീതി വിട്ടുമാറി നീതികേടു പ്രവര്‍ത്തിച്ചിട്ട് ഞാന്‍ അവന്‍റെ മുമ്പിൽ ഇടര്‍ച്ച വയ്ക്കുന്നുവെങ്കിൽ അവന്‍ മരിക്കും; നീ അവനെ ഓര്‍പ്പിക്കായ്കകൊണ്ട് അവന്‍ തന്‍റെ പാപത്തിൽ മരിക്കും; അവന്‍ ചെയ്ത നീതി അവനു കണക്കിടുകയുമില്ല; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.

21എന്നാൽ നീതിമാന്‍ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓര്‍പ്പിച്ചിട്ട് അവന്‍ പാപം ചെയ്യാതെ ഇരുന്നാൽ, അവന്‍ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവന്‍ ജീവിക്കും; നീയും നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

22യഹോവയുടെ കൈ അവിടെ പിന്നെയും എന്‍റെമേൽ വന്നു; അവന്‍ എന്നോട്: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

23അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍നദീതീരത്തു കണ്ട മഹത്ത്വംപോലെ അവിടെ യഹോവയുടെ മഹത്ത്വം നില്ക്കുന്നതു കണ്ട് ഞാന്‍ കവിണ്ണുവീണു.

24അപ്പോള്‍ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിര്‍ന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്‍റെ വീട്ടിനകത്തു കതകടച്ചു പാര്‍ക്ക.

25എന്നാൽ മനുഷ്യപുത്രാ, നിനക്ക് അവരുടെ ഇടയിൽ പെരുമാറുവാന്‍ കഴിയാതവണ്ണം അവര്‍ നിന്നെ കയറുകൊണ്ടു കെട്ടും.

26നീ ഊമനായി അവര്‍ക്കു ശാസകനാകാതെയിരിക്കേണ്ടതിന് ഞാന്‍ നിന്‍റെ നാവിനെ നിന്‍റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര്‍ മത്സരഗൃഹമല്ലോ.

27ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ നിന്‍റെ വായ് തുറക്കും; നീ അവരോട്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ; കേള്‍ക്കാത്തവന്‍ കേള്‍ക്കാതെ ഇരിക്കട്ടെ; അവര്‍ മത്സരഗൃഹമല്ലോ.