പഴയ നിയമംMOV
1നീയോ, മനുഷ്യപുത്രാ, യിസ്രായേൽ പര്‍വതങ്ങളോടു പ്രവചിച്ചുപറയേണ്ടത്: യിസ്രായേൽപര്‍വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍!
2യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച്: നന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
3അതുകൊണ്ടു നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജാതികളിൽ ശേഷിച്ചവര്‍ക്കു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും, നിങ്ങള്‍ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും,
4യിസ്രായേൽപര്‍വതങ്ങളേ, യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവര്‍ക്കു കവര്‍ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
5അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ എദോമിനോടും ഞാന്‍ നിശ്ചയമായി എന്‍റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവര്‍ എന്‍റെ ദേശത്തെ കവര്‍ച്ചയ്ക്കായി തള്ളിക്കളവാന്‍ തക്കവണ്ണം അതിനെ പൂര്‍ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടുംകൂടെ തങ്ങള്‍ക്ക് അവകാശമായി നിയമിച്ചുവല്ലോ.
6അതുകൊണ്ടു നീ യിസ്രായേൽദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്‍റെ തീക്ഷ്ണതയോടും എന്‍റെ ക്രോധത്തോടുംകൂടെ സംസാരിക്കുന്നു.
7അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.
8നിങ്ങളോ, യിസ്രായേൽപര്‍വതങ്ങളേ, എന്‍റെ ജനമായ യിസ്രായേൽ വരുവാന്‍ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കു വേണ്ടി ഫലം കായിപ്പിന്‍.
9ഞാന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
10ഞാന്‍ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വര്‍ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികള്‍ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
11ഞാന്‍ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വര്‍ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്‍ടിയുള്ളവരാകും; ഞാന്‍ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
12ഞാന്‍ നിങ്ങളിൽ മനുഷ്യരെ, എന്‍റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവര്‍ നിന്നെ കൈവശമാക്കും; നീ അവര്‍ക്ക് അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
13യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; അവര്‍ നിന്നോട്: നീ മനുഷ്യരെ തിന്നുകളകയും നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ട്,
14നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
15ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
16യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
17മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ ദേശത്തു പാര്‍ത്തിരുന്നപ്പോള്‍, അവര്‍ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്‍കൊണ്ടും മലിനമാക്കി; എന്‍റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
18അവര്‍ ദേശത്തു ചൊരിഞ്ഞ രക്തം നിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടു മലിനമാക്കിയതു നിമിത്തവും ഞാന്‍ എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്നു.
19ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവര്‍ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.
20അവര്‍ ജാതികളുടെ ഇടയിൽ ചെന്നുചേര്‍ന്നപ്പോള്‍, ഇവര്‍ യഹോവയുടെ ജനം, അവന്‍റെ ദേശം വിട്ടുപോകേണ്ടി വന്നവര്‍ എന്ന് അവര്‍ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവര്‍ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
21എങ്കിലും യിസ്രായേൽഗൃഹം ചെന്നു ചേര്‍ന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്‍റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് അയ്യോഭാവംതോന്നി.
22അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല; നിങ്ങള്‍ ചെന്നു ചേര്‍ന്ന ജാതികളുടെ ഇടയിൽ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്ന എന്‍റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാന്‍ അങ്ങനെ ചെയ്യുന്നത്.
23ജാതികളുടെ ഇടയിൽ നിങ്ങള്‍ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിപ്പോയിരിക്കുന്ന എന്‍റെ മഹത്തായ നാമത്തെ ഞാന്‍ വിശുദ്ധീകരിക്കും; ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവയെന്ന് അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
24ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകല ദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
25ഞാന്‍ നിങ്ങളുടെമേൽ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായിത്തീരും, ഞാന്‍ നിങ്ങളുടെ സകല മലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.
26ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.
27ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.
28ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തു നിങ്ങള്‍ പാര്‍ക്കും; നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.
29ഞാന്‍ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന്‍ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്‍ധിപ്പിക്കും.
30നിങ്ങള്‍ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്‍റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിനു ഞാന്‍ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്‍റെ വിളവും വര്‍ധിപ്പിക്കും.
31അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓര്‍ത്തു നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും മ്ലേച്ഛതകള്‍ നിമിത്തവും നിങ്ങള്‍ക്കു നിങ്ങളോടു തന്നെ വെറുപ്പു തോന്നും.
32നിങ്ങളുടെ നിമിത്തമല്ല ഞാന്‍ ഇതു ചെയ്യുന്നത് എന്നു നിങ്ങള്‍ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍.
33യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാന്‍ ആളെ പാര്‍പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
34വഴി പോകുന്ന ഏവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
35ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെന്‍തോട്ടംപോലെ ആയിത്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്ന് അവര്‍ പറയും.
36ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ പണിതു, ശൂന്യപ്രദേശത്തു നടുതലവച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ അന്ന് അറിയും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.
37യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോട് അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യും: ഞാന്‍ അവര്‍ക്ക് ആളുകളെ ആട്ടിന്‍കൂട്ടത്തെപ്പോലെ വര്‍ധിപ്പിച്ചുകൊടുക്കും.
38ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങള്‍ വിശുദ്ധമായ ആട്ടിന്‍കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിന്‍കൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിന്‍കൂട്ടംകൊണ്ടു നിറയും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.