പഴയ നിയമംMOV
1പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
3യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവര്‍ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും.
4ഞാന്‍ നിന്നെ കരയ്ക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവയൊക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി; സര്‍വഭൂമിയിലെയും മൃഗങ്ങള്‍ക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
5ഞാന്‍ നിന്റെ മാംസത്തെ പര്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറയ്ക്കും.
6ഞാന്‍ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനയ്ക്കും; നീര്‍ച്ചാലുകള്‍ നിന്നാൽ നിറയും.
7നിന്നെ കെടുത്തുകളയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാന്‍ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രന് പ്രകാശം നല്‍കുകയും ഇല്ല.
8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയൊക്കെയും ഞാന്‍ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
9നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോള്‍ ഞാന്‍ അനേകജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
10ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര് കാണ്‍കെ ഞാന്‍ എന്റെ വാള് വീശുമ്പോള്‍, അവര്‍ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവര്‍ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓര്‍ത്തു മാത്രതോറും വിറയ്ക്കും.
11യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാള് നിന്റെ നേരേ വരും.
12വീരന്മാരുടെ വാള്‍കൊണ്ടു ഞാന്‍ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽ വച്ച് ഉഗ്രന്മാര്; അവര്‍ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചു പോകും.
13വളരെ വെള്ളത്തിനരികെ നിന്ന് ഞാന്‍ അതിലെ സകല മൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
14ആ കാലത്തു ഞാന്‍ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
15ഞാന്‍ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാന്‍ അതിലെ നിവാസികളെയൊക്കെയും നശിപ്പിക്കുമ്പോഴും, ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.
16അവര്‍ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാര്‍ ഇതു ചൊല്ലി വിലപിക്കും; അവര്‍ മിസ്രയീമിനെക്കുറിച്ചും അതിലെ സകല പുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
17പന്ത്രണ്ടാം ആണ്ട്, ആ മാസം പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
18മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ച് അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
19സൗന്ദര്യത്തിൽ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു? നീ ഇറങ്ങിച്ചെന്ന് അഗ്രചര്‍മികളുടെ കൂട്ടത്തിൽ കിടക്കുക.
20വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവര്‍ വീഴും; വാള് നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകല പുരുഷാരത്തെയും വലിച്ചു കൊണ്ടുപോകുവിന്‍.
21വീരന്മാരിൽ ബലവാന്മാരായവര് അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോടു സംസാരിക്കും; അഗ്രചര്മികളായി വാളാൽ നിഹതന്മാരായവര്‍ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു.
22അവിടെ അശ്ശൂരും അതിന്റെ സര്‍വസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികള്‍ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവര്‍ തന്നെ.
23അവരുടെ ശവക്കുഴികള്‍ പാതാളത്തിന്റെ അങ്ങേയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു.
24അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകല പുരുഷാരവും ഉണ്ട്; അവര്‍ എല്ലാവരും വാളാൽ നിഹതന്മാരായി വീണ് അഗ്രചര്മികളായി ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെദേശത്ത് അവര്‍ ഭീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവര്‍ ലജ്ജ വഹിക്കുന്നു.
25നിഹതന്മാരുടെ മധ്യേ അവര്‍ അതിനും അതിന്റെ സകല പുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചര്മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവര്‍ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മധ്യേ അതു കിടക്കുന്നു.
26അവിടെ മേശെക്കും തൂബലും അതിന്റെ സകല പുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവര്‍ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചര്മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു.
27അവര്‍ ജീവനുള്ളവരുടെ ദേശത്തു വീരന്മാര്ക്ക് ഭീതി ആയിരുന്നതുകൊണ്ട് തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലയ്ക്കു കീഴെ വച്ചുംകൊണ്ട് അഗ്രചര്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?
28നീയോ അഗ്രചര്‍മികളുടെ കൂട്ടത്തിൽ തകര്‍ന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.
29അവിടെ എദോമും അതിന്റെ രാജാക്കന്മാരും സകല പ്രഭുക്കന്മാരും ഉണ്ട്; അവര്‍ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവര്‍ അഗ്രചര്മികളോടും കുഴിയിൽ ഇറങ്ങുന്നവരോടുംകൂടെ കിടക്കുന്നു.
30അവിടെ വടക്കേ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവര്‍ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവര്‍ അഗ്രചര്മികളായി വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
31അവരെ ഫറവോന് കണ്ടു തന്റെ സകല പുരുഷാരത്തെയുംകുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകല സൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
32ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചര്‍മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.