പഴയ നിയമംMOV

യെഹെസ്കേൽ 31

1പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്‍റെ പുരുഷാരത്തോടും പറയേണ്ടത്: നിന്‍റെ മഹത്ത്വത്തിൽ നീ ആര്‍ക്കു സമന്‍?

3അശ്ശൂര്‍ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്‍ച്ചയോടുംകൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്‍റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.

4വെള്ളം അതിനെ വളര്‍ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്‍റെ നദികള്‍ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്‍റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു.

5അതുകൊണ്ട് അതു വളര്‍ന്നു വയലിലെ സകല വൃക്ഷങ്ങളെക്കാളും പൊങ്ങി; അത് വെള്ളത്തിന്‍റെ പെരുപ്പംകൊണ്ടു പടര്‍ന്ന് തന്‍റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.

6അതിന്‍റെ ചില്ലികളിൽ ആകാശത്തിലെ പറവയൊക്കെയും കൂടുണ്ടാക്കി; അതിന്‍റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗമൊക്കെയും പെറ്റുകിടന്നു; അതിന്‍റെ തണലിൽ വലിയ ജാതികളൊക്കെയും പാര്‍ത്തു.

7ഇങ്ങനെ അതിന്‍റെ വേര്‍ വളരെ വെള്ളത്തിനരികെ ആയിരുന്നതുകൊണ്ട് അത് വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.

8ദൈവത്തിന്‍റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്ക് അതിനെ മറപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്‍റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങള്‍ അതിന്‍റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.

9കൊമ്പുകളുടെ പെരുപ്പംകൊണ്ടു ഞാന്‍ അതിനു ഭംഗി വരുത്തിയതിനാൽ ദൈവത്തിന്‍റെ തോട്ടമായ ഏദെനിലെ സകല വൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു.

10അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളര്‍ന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്‍റെ ഹൃദയം തന്‍റെ വളര്‍ച്ചയിങ്കൽ ഗര്‍വിച്ചുപോയതുകൊണ്ടു

11ഞാന്‍ അതിനെ ജാതികളിൽ ബലവാനായവന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അതിനോട് ഇടപെടും; അതിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.

12ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാര്‍ അതിനെ വെട്ടി തള്ളിയിട്ടു; അതിന്‍റെ കൊമ്പുകള്‍ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്‍റെ ശാഖകള്‍ ദേശത്തിലെ എല്ലാ തോടുകളുടെയും അരികത്ത് ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകല ജാതികളും അതിന്‍റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.

13വീണുകിടക്കുന്ന അതിന്‍റെ തടിമേൽ ആകാശത്തിലെ പറവയൊക്കെയും പാര്‍ക്കും; അതിന്‍റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗമൊക്കെയും വരും.

14വെള്ളത്തിനരികെയുള്ള സകല വൃക്ഷങ്ങളും ഉയരം ഹേതുവായി ഗര്‍വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകല ബലശാലികളും തങ്ങളുടെ ഉയര്‍ച്ചയിങ്കൽ നിഗളിച്ചു നില്ക്കയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.

15യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാന്‍ ഒരു വിലാപം കഴിപ്പിച്ചു; അതിനുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാന്‍ തക്കവണ്ണം അതിന്‍റെ നദികളെ തടുത്തു; അതുനിമിത്തം ഞാന്‍ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി.

16ഞാന്‍ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോള്‍, അതിന്‍റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാന്‍ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകല വൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു.

17അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്‍റെ തുണയായി അതിന്‍റെ നിഴലിൽ ജാതികളുടെ മധ്യേ പാര്‍ത്തവര്‍ തന്നെ.

18അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചര്‍മികളുടെ ഇടയിൽ കിടക്കും. ഫറവോനും അവന്‍റെ സകല പുരുഷാരവും തന്നെ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.