പഴയ നിയമംMOV

യെഹെസ്കേൽ 28

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല, മനുഷ്യന്‍ മാത്രമായിരിക്കെ, ഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു.

3നീ ദൈവഭാവം നടിച്ചതുകൊണ്ട്- നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറച്ചുവയ്ക്കാവുന്ന ഒരു രഹസ്യവുമില്ല;

4നിന്‍റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്‍റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു;

5നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വര്‍ധിപ്പിച്ചു; നിന്‍റെ ഹൃദയം ധനംനിമിത്തം ഗര്‍വിച്ചുമിരിക്കുന്നു-

6അതുകൊണ്ടുതന്നെ യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

7നീ ദൈവഭാവം നടിക്കയാൽ ഞാന്‍ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്‍റെ നേരേ വരുത്തും; അവര്‍ നിന്‍റെ ജ്ഞാനശോഭയുടെ നേരേ വാളൂരി നിന്‍റെ പ്രഭയെ അശുദ്ധമാക്കും.

8അവര്‍ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമധ്യേ നിഹതന്മാരെപ്പോലെ മരിക്കും.

9നിന്നെ കുത്തിക്കൊല്ലുന്നവന്‍റെ കൈയിൽ നീ ദൈവമല്ല, മനുഷ്യന്‍ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്‍റെ മുമ്പിൽ: ഞാന്‍ ദൈവം എന്നു നീ പറയുമോ?

10അന്യജാതിക്കാരുടെ കൈയാൽ നീ അഗ്രചര്‍മികളെപ്പോലെ മരിക്കും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

11യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

12മനുഷ്യപുത്രാ, നീ സോര്‍ രാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാമുദ്രയാകുന്നു; നീ ജ്ഞാനസമ്പൂര്‍ണനും സൗന്ദര്യസമ്പൂര്‍ണനും തന്നെ.

13നീ ദൈവത്തിന്‍റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്‍ത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.

14നീ ചിറകു വിടര്‍ത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധ ദേവപര്‍വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു.

15നിന്നെ സൃഷ്‍ടിച്ചനാള്‍മുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു.

16നിന്‍റെ വ്യാപാരത്തിന്‍റെ പെരുപ്പംനിമിത്തം നിന്‍റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്ന് എണ്ണി ദേവപര്‍വതത്തിൽനിന്നു തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മധ്യേനിന്നു മുടിച്ചുകളഞ്ഞു.

17നിന്‍റെ സൗന്ദര്യം നിമിത്തം നിന്‍റെ ഹൃദയം ഗര്‍വിച്ചു, നിന്‍റെ പ്രഭനിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി; ഞാന്‍ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാര്‍ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.

18നിന്‍റെ അകൃത്യബാഹുല്യംകൊണ്ടും നിന്‍റെ വ്യാപാരത്തിന്‍റെ നീതികേടുകൊണ്ടും നീ നിന്‍റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാന്‍ നിന്‍റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാന്‍ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.

19ജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ട് സ്തംഭിച്ചുപോകും; നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും.

20യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

21മനുഷ്യപുത്രാ, നീ സീദോനുനേരേ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്:

22യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീദോനേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ നടുവിൽ എന്നെത്തന്നെ മഹത്ത്വീകരിക്കും; ഞാന്‍ അതിൽ ന്യായവിധികളെ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും

23ഞാന്‍ അതിൽ മഹാമാരിയും അതിന്‍റെ വീഥികളിൽ രക്തവും അയയ്ക്കും; ചുറ്റിലുംനിന്ന് അതിന്‍റെ നേരേ വരുന്ന വാള്‍കൊണ്ടു നിഹതന്മാരായവര്‍ അതിന്‍റെ നടുവിൽ വീഴും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

24യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്ന് കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവര്‍ക്കുണ്ടാകയില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്ന് അവര്‍ അറിയും.

25യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേൽഗൃഹത്തെ അവര്‍ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു ശേഖരിച്ചു ജാതികള്‍ കാണ്‍കെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോള്‍, ഞാന്‍ എന്‍റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവര്‍ പാര്‍ക്കും.

26അവര്‍ അതിൽ നിര്‍ഭയമായി വസിക്കും; അതേ, അവര്‍ വീടുകളെ പണിത് മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാന്‍ ന്യായവിധികളെ നടത്തുമ്പോള്‍ അവര്‍ നിര്‍ഭയമായി വസിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവ എന്ന് അവര്‍ അറിയും.