പഴയ നിയമംMOV

യെഹെസ്കേൽ 25

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരേ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അമ്മോന്യരോടു പറയേണ്ടത്:

3യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീര്‍ന്നപ്പോള്‍ അതിനെയും യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ട്,

4ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കു കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്‍റെ ഫലം തിന്നുകയും നിന്‍റെ പാൽ കുടിക്കയും ചെയ്യും.

5ഞാന്‍ രബ്ബായെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

6യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സര്‍വനിന്ദയോടുംകൂടെ ഹൃദയപൂര്‍വം സന്തോഷിച്ചതുകൊണ്ട്,

7ഞാന്‍ നിന്‍റെ നേരേ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽനിന്നു മുടിച്ചു നശിപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.

8യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്,

9ഞാന്‍ മോവാബിന്‍റെ പാര്‍ശ്വത്തെ അതിന്‍റെ അതിര്‍ത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്‍റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോന്‍, കിര്യഥയീം എന്നീ പട്ടണങ്ങള്‍മുതൽ തുറന്നു വച്ച്

10അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയിൽ ഓര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്, അമ്മോന്യരോടുകൂടെ കിഴക്കുള്ളവര്‍ക്കു കൈവശമാക്കിക്കൊടുക്കും.

11ഇങ്ങനെ ഞാന്‍ മോവാബിൽ ന്യായവിധിനടത്തും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

12യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.

13അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എദോമിന്‍റെ നേരേ കൈ നീട്ടി അതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍മുതൽ ദേദാന്‍വരെ അവര്‍ വാളിനാൽ വീഴും.

14ഞാന്‍ എന്‍റെ ജനമായ യിസ്രായേൽ മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്‍റെ കോപത്തിനും എന്‍റെ ക്രോധത്തിനും തക്കവണ്ണം എദോമിനോട് ചെയ്യും; അപ്പോള്‍ അവര്‍ എന്‍റെ പ്രതികാരം അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

15യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടുംകൂടെ പകരം വീട്ടിയിരിക്കകൊണ്ട്

16യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഫെലിസ്ത്യരുടെ നേരേ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.

17ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍, ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.