പഴയ നിയമംMOV

യെഹെസ്കേൽ 24

1ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതിതന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽ രാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.

3നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വയ്ക്ക; വച്ച് അതിൽ വെള്ളം ഒഴിക്ക.

4മാംസക്കഷണങ്ങള്‍, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളൊക്കെയും തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ട് അതിനെ നിറയ്ക്കുക.

5ആട്ടിന്‍കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്‍റെ കീഴെ വിറക് അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്‍റെ അസ്ഥികള്‍ അതിനകത്തു കിടന്നു വേകട്ടെ.

6അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ലാവ് ഉള്ളതും ക്ലാവ് വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ ഖണ്ഡം ഖണ്ഡമായി പുറത്തെടുക്ക; ചീട്ട് അതിന്മേൽ വീണിട്ടില്ല.

7അവള്‍ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മധ്യേ ഉണ്ട്; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്ത് ഒഴിച്ചില്ല.

8ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാന്‍, അവള്‍ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽത്തന്നെ നിര്‍ത്തിയിരിക്കുന്നു.

9അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാന്‍ വിറകുകൂമ്പാരം വലുതാക്കും.

10വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികള്‍ വെന്തുപോകട്ടെ.

11അതിന്‍റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന് അതിന്‍റെ കറ അതിൽ ഉരുകേണ്ടതിനും അതിന്‍റെ ക്ലാവ് ഇല്ലാതെയാകേണ്ടതിനും അത് ഒഴിച്ചെടുത്തു കനലിന്മേൽ വയ്ക്കുക.

12അവള്‍ അധ്വാനംകൊണ്ടു തളര്‍ന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല; അവളുടെ ക്ലാവ് തീയാലും വിട്ടുപോകുന്നില്ല.

13നിന്‍റെ മലിനമായ ദുര്‍മര്യാദ നിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേൽ തീര്‍ക്കുവോളം ഇനി നിന്‍റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.

14യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അത് അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല; നിന്‍റെ നടപ്പിനും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

15യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

16മനുഷ്യപുത്രാ, ഞാന്‍ നിന്‍റെ കണ്ണിന്‍റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്ന് എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍ വാര്‍ക്കുകയോ ചെയ്യരുത്.

17നീ മൗനമായി നെടുവീര്‍പ്പിട്ടുകൊള്‍ക; മൃതവിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിനു ചെരുപ്പിടുക; അധരം മൂടരുത്; മറ്റുള്ളവര്‍ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്.

18അങ്ങനെ ഞാന്‍ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്‍റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാന്‍ പിറ്റേ രാവിലെ ചെയ്തു.

19അപ്പോള്‍ ജനം എന്നോട്: നീ ഈ ചെയ്യുന്നതിന്‍റെ അര്‍ഥം എന്ത്? ഞങ്ങള്‍ക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.

20അതിനു ഞാന്‍ അവരോട് ഉത്തരം പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

21നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഗര്‍വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്‍റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛയും ആയിരിക്കുന്ന എന്‍റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും.

22ഞാന്‍ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങള്‍ അധരം മൂടാതെയും മറ്റുള്ളവര്‍ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.

23നിങ്ങളുടെ തലപ്പാവ് തലയിലും ചെരുപ്പു കാലിലും ഇരിക്കും; നിങ്ങള്‍ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച് തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.

24ഇങ്ങനെ യെഹെസ്കേൽ നിങ്ങള്‍ക്ക് ഒരടയാളം ആയിരിക്കും; അവന്‍ ചെയ്തതുപോലെയൊക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.

25മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്‍റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,

26ആ നാളിൽ തന്നെ, ചാടിപ്പോകുന്ന ഒരുത്തന്‍ നിന്‍റെ അടുക്കൽ വന്ന് വസ്തുത നിന്നെ പറഞ്ഞുകേള്‍പ്പിക്കും.

27ചാടിപ്പോയവനോടു സംസാരിപ്പാന്‍ അന്നു നിന്‍റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവര്‍ക്ക് ഒരു അടയാളമായിരിക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.