പഴയ നിയമംMOV

യെഹെസ്കേൽ 22

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, നീ ന്യായം വിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായം വിധിക്കുമോ? എന്നാൽ നീ അതിന്‍റെ സകല മ്ലേച്ഛതകളെയും അതിനോട് അറിയിച്ചു പറയേണ്ടത്:

3യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ കാലം വരുവാന്‍ തക്കവണ്ണം നിന്‍റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നെ മലിനമാക്കേണ്ടതിന് വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!

4നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായിത്തീര്‍ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നെ മലിനമാക്കിയിരിക്കുന്നു; നിന്‍റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്‍റെ ആണ്ടുകള്‍ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിന്നെ ജാതികള്‍ക്കു നിന്ദയും സകല ദേശങ്ങള്‍ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.

5നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവര്‍ ദുഷ്കീര്‍ത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.

6യിസ്രായേൽപ്രഭുക്കന്മാര്‍ ഓരോരുത്തനും തന്നാൽ കഴിയുന്നേടത്തോളം രക്തം ചൊരിയുവാനത്രേ നിന്നിൽ ഇരിക്കുന്നത്.

7നിന്‍റെ മധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്‍റെ മധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.

8എന്‍റെ വിശുദ്ധവസ്തുക്കളെ നീ ധിക്കരിച്ച് എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.

9രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവര്‍ നിന്നിൽ ഉണ്ട്; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവര്‍ നിന്നിൽ ഉണ്ട്; നിന്‍റെ നടുവിൽ അവര്‍ ദുഷ്കര്‍മം പ്രവര്‍ത്തിക്കുന്നു.

10നിന്നിൽ അവര്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവച്ച് അവര്‍ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.

11ഒരുത്തന്‍ തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയുമായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്‍റെ മരുമകളെ ദുര്‍മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നിൽ വച്ചു തന്‍റെ അപ്പന്‍റെ മകളായ സഹോദരിയെ വഷളാക്കുന്നു.

12രക്തംചൊരിയേണ്ടതിന് അവര്‍ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

13നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്‍റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ കൈകൊട്ടും.

14ഞാന്‍ നിന്നോടു കാര്യം തീര്‍ക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്‍റെ കൈകള്‍ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.

15ഞാന്‍ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്‍റെ മലിനത നിങ്കൽനിന്നു നീക്കും.

16ജാതികള്‍ കാണ്‍കെ നീ നിന്നിൽത്തന്നെ മലിനയായിത്തീരും; ഞാന്‍ യഹോവ എന്നു നീ അറിയും.

17യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

18മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടമായിത്തീര്‍ന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരുമ്പും കറുത്തീയവും തന്നെ; അവര്‍ വെള്ളിയുടെ കിട്ടമായിത്തീര്‍ന്നിരിക്കുന്നു.

19അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കകൊണ്ട് ഞാന്‍ നിങ്ങളെ യെരൂശലേമിന്‍റെ നടുവിൽ കൂട്ടും.

20വെള്ളിയും താമ്രവും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ ഞാന്‍ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.

21ഞാന്‍ നിങ്ങളെ കൂട്ടി എന്‍റെ ക്രോധാഗ്നിയെ നിങ്ങളുടെമേൽ ഊതും; അങ്ങനെ നിങ്ങള്‍ അതിന്‍റെ നടുവിൽ ഉരുകിപ്പോകും.

22ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതുപോലെ, നിങ്ങള്‍ അതിന്‍റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാന്‍ എന്‍റെ ക്രോധം നിങ്ങളുടെമേൽ പകര്‍ന്നിരിക്കുന്നു എന്നു നിങ്ങള്‍ അറിയും.

23യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

24മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടത്; ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.

25അതിന്‍റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ട്; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവര്‍ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വിലയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ട് അവര്‍ അതിന്‍റെ നടുവിൽ വിധവമാരെ വര്‍ധിപ്പിക്കുന്നു.

26അതിലെ പുരോഹിതന്മാര്‍ എന്‍റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്ത് എന്‍റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര്‍ ശുദ്ധവും അശുദ്ധവും തമ്മിൽ വേര്‍തിരിക്കുന്നില്ല; മലിനവും നിര്‍മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന്‍ അവരുടെ മധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര്‍ എന്‍റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു.

27അതിന്‍റെ നടുവിലെ പ്രഭുക്കന്മാര്‍ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.

28അതിലെ പ്രവാചകന്മാര്‍ വ്യാജം ദര്‍ശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ട് അവര്‍ക്കു കുമ്മായം തേക്കുന്നു.

29ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.

30ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്‍റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.

31ആകയാൽ ഞാന്‍ എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്ന് എന്‍റെ കോപാഗ്നികൊണ്ട് അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവണ്ണം ഞാന്‍ അവര്‍ക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.