പഴയ നിയമംMOV

യെഹെസ്കേൽ 21

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, നിന്‍റെ മുഖം യെരൂശലേമിനു നേരേ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ചു

3യിസ്രായേൽദേശത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ നേരേ പുറപ്പെട്ട് എന്‍റെ വാള്‍ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.

4ഞാന്‍ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാന്‍ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകല ജഡത്തിനും വിരോധമായി എന്‍റെ വാള്‍ ഉറയിൽനിന്നു പുറപ്പെടും.

5യഹോവയായ ഞാന്‍ എന്‍റെ വാള്‍ ഉറയിൽനിന്ന് ഊരിയെന്നു സകല ജഡവും അറിയും. അത് ഇനി മടങ്ങിപ്പോരികയില്ല.

6നീയോ, മനുഷ്യപുത്രാ, നിന്‍റെ നടു ഒടികെ നെടുവീര്‍പ്പിടുക; അവര്‍ കാണ്‍കെ കഠിനമായി നെടുവീര്‍പ്പിടുക.

7എന്തിനു നെടുവീര്‍പ്പിടുന്നു എന്ന് അവര്‍ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ഒരു വര്‍ത്തമാനം നിമിത്തം തന്നെ; അതു സംഭവിക്കുമ്പോള്‍ സകല ഹൃദയവും ഉരുകിപ്പോകും, എല്ലാ കൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും, എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

8യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായ തെന്തെന്നാൽ:

9മനുഷ്യപുത്രാ, നീ പ്രവചിച്ചുപറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാള്‍; ഒരു വാള്‍; അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.

10കൊല നടത്തുവാന്‍ അതിനു മൂര്‍ച്ചകൂട്ടിയിരിക്കുന്നു; മിന്നുവാന്‍ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്‍റെ മകന്‍റെ ചെങ്കോലിനെയും സകല വൃക്ഷത്തെയും നിരസിക്കുന്നു.

11ഉപയോഗിപ്പാന്‍ തക്കവണ്ണം അവന്‍ അതു മിനുക്കുവാന്‍ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്‍റെ കൈയിൽ കൊടുപ്പാന്‍ ഈ വാള്‍ മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു.

12മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്‍റെ ജനത്തിന്മേലും യിസ്രായേലിന്‍റെ സകല പ്രഭുക്കന്മാരുടെമേലും വരും അവര്‍ എന്‍റെ ജനത്തോടുകൂടെ വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.

13അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെപോയാൽ എന്ത് എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

14നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാള്‍, നിഹതന്മാരുടെ വാള്‍ തന്നെ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്‍റെ വലിയ വാള്‍ അവരെ ചുറ്റുന്നു.

15അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവര്‍ പെരുകേണ്ടതിനും ഞാന്‍ വാളിന്‍മുനയെ അവരുടെ എല്ലാ വാതിലുകള്‍ക്കും നേരേ വച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂര്‍പ്പിച്ചിരിക്കുന്നു.

16പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ, നിന്‍റെ വായ്ത്തല തിരിയുന്നേടത്തേക്കുതന്നെ പുറപ്പെടുക.

17ഞാനും കൈ കൊട്ടി, എന്‍റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.

18യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

19മനുഷ്യപുത്രാ, ബാബേൽ രാജാവിന്‍റെ വാള്‍ വരേണ്ടതിനു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നെ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.

20അങ്ങനെ വാള്‍ അമ്മോന്യരുടെ രബ്ബായിലും യെഹൂദായിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിനു നീ വഴി നിയമിക്ക.

21ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാന്‍ നില്ക്കുന്നു; അവന്‍ തന്‍റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരള്‍ നോക്കുകയും ചെയ്യുന്നു.

22യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വന്‍കൊലയ്ക്കായി വായ് പിളര്‍ന്ന് ആര്‍പ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരേ യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വാട കോരി കൊത്തളം പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്‍റെ വലംകൈയിൽ വന്നിരിക്കുന്നു.

23എന്നാൽ അത് അവര്‍ക്കു വ്യാജലക്ഷണമായി തോന്നുന്നു; അവര്‍ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവര്‍ പിടിക്കപ്പെടേണ്ടതിന് അവന്‍ അകൃത്യം ഓര്‍പ്പിക്കുന്നു.

24അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങള്‍ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങള്‍ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങള്‍ നിങ്ങളുടെ അകൃത്യം ഓര്‍പ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓര്‍ത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കൈയാൽ പിടിക്കും.

25നിഹതനും ദുഷ്ടനുമായി യിസ്രായേലിന്‍റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്‍റെ കാലത്ത് നിന്‍റെ നാള്‍ വന്നിരിക്കുന്നു.

26യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മകുടം നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കയില്ല; ഞാന്‍ താണതിനെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും ചെയ്യും.

27ഞാന്‍ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവന്‍ വരുവോളം അത് ഇല്ലാതെയിരിക്കും; അവനു ഞാന്‍ അതു കൊടുക്കും.

28മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

29അന്ത്യാകൃത്യത്തിന്‍റെ കാലത്ത്, നാള്‍ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വയ്ക്കേണ്ടതിന് അവര്‍ നിനക്കു വ്യാജം ദര്‍ശിക്കുന്ന നേരത്തും നിനക്കു ഭോഷ്കു ലക്ഷണം പറയുന്ന നേരത്തും ഒരു വാള്‍, ഒരു വാള്‍ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.

30അതിനെ ഉറയിൽ ഇടുക; നീ സൃഷ്‍ടിക്കപ്പെട്ട സ്ഥലത്ത്, നിന്‍റെ ജന്മദേശത്തു തന്നെ ഞാന്‍ നിന്നെ ന്യായം വിധിക്കും,

31ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേൽ പകര്‍ന്ന് എന്‍റെ കോപാഗ്നി നിന്‍റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാന്‍ മിടുക്കന്മാരുമായ മനുഷ്യരുടെ കൈയിൽ നിന്നെ ഏല്പിക്കും.

32നീ തീക്കിരയായിത്തീരും; നിന്‍റെ രക്തം നിന്‍റെ ദേശത്തിന്‍റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓര്‍ക്കയില്ല; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.