പഴയ നിയമംMOV

യെഹെസ്കേൽ 19

1നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:

2നിന്‍റെ അമ്മ ആരായിരുന്നു? ഒരു സിംഹി തന്നെ; അവള്‍ സിംഹങ്ങളുടെ ഇടയിൽ കിടന്ന് തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളര്‍ത്തി.

3അവള്‍ തന്‍റെ കുട്ടികളിൽ ഒന്നിനെ വളര്‍ത്തി; അത് ഒരു ബാലസിംഹമായിത്തീര്‍ന്നു; അത് ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.

4ജാതികള്‍ അവന്‍റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.

5എന്നാൽ അവള്‍ താന്‍ വച്ചുകൊണ്ടിരുന്ന ആശയ്ക്കു ഭംഗംവന്നു എന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.

6അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.

7അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്‍റെ ഗര്‍ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.

8അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്‍റെ നേരേ വന്ന് അവന്‍റെമേൽ വല വീശി അവന്‍ അവരുടെ കുഴിയിൽ അകപ്പെട്ടു.

9അവര്‍ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്‍റെ നാദം യിസ്രായേൽപര്‍വതങ്ങളിൽ കേള്‍ക്കാതെയിരിക്കേണ്ടതിന് അവര്‍ അവനെ ദുര്‍ഗങ്ങളിൽ കൊണ്ടുപോയി.

10നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ട് അതു ഫലപ്രദവും തഴച്ചതുമായിരുന്നു.

11അതിൽ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.

12എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍കാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്‍റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞ് ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.

13ഇപ്പോള്‍ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.

14അതിന്‍റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ട് അതിന്‍റെ ഫലം ദഹിപ്പിച്ചു കളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിനു ചെങ്കോലായിരിപ്പാന്‍ തക്ക ബലമുള്ള കോൽ അതിൽനിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നു.